ഹക്കീം ഫൈസിക്കെതിരായ സമസ്ത നടപടിയില്‍ പ്രതിഷേധം; കലോത്സവം നിർത്തിവച്ച് വാഫി കോളജ്

0
200

കണ്ണൂർ: അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിക്കെതിരായ സമസ്ത നടപടിയിൽ പ്രതിഷേധിച്ച് കലോത്സവം നിർത്തിവച്ച് വാഫി കോളജ്. തലശ്ശേരി ചൊക്ലിയിലെ കടുക്ക ബസാറിലുള്ള സി.ഐ.സി സ്ഥാപനമായ എം.ടി.എം വാഫി കോളജിലാണ് എല്ലാ വര്‍ഷവും നടത്താറുള്ള ഫെസ്റ്റ് ഇത്തവണ വേണ്ടെന്നു വച്ചത്. നേരത്തെ നിശ്ചയിച്ചിരുന്ന കലോത്സവം പുതിയ സാഹചര്യത്തിൽ നിർത്തിവയ്ക്കുകയാണെന്ന് വിദ്യാർത്ഥി യൂനിയൻ അറിയിച്ചു.

ഈ വർഷവും പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, ഹക്കീം ഫൈസി എന്നിവരെ വിശിഷ്ടാതിഥികളായി ക്ഷണിച്ച് വിപുലമായ രീതിയിൽ നടത്താൻ തീരുമാനിച്ചിരുന്നുവെന്ന് വിദ്യാർത്ഥി യൂനിയൻ ‘സദാദ്’ വാർത്താകുറിപ്പിൽ അറിയിച്ചു. എന്നാൽ, പ്രിയപ്പെട്ട ഗുരു ഹക്കീം ഫൈസിയുടെ രാജിയോടെ വാഫി സംവിധാനം അതിന്റെ പ്രയാണത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തിൽ സ്ഥാപനത്തിൽ ഇത്തരമൊരു പരിപാടി നടത്തുന്നത് അനുചിതമാണെന്നും ഫൈൻ ആർട്‌സ് സെക്രട്ടറി സൂചിപ്പിച്ചു.

പഠനപിരിമുറുക്കങ്ങൾക്കും കലാലയ ജീവിതത്തിലെ സ്വാഭാവിക വിരസതകൾക്കും പരിഹാരമായാണ് കലാമേളകൾ നടക്കാറുള്ളത്. എന്നാൽ, പുതിയ സമകാലിക സാഹചര്യത്തിൽ തങ്ങളുടെ പ്രതിഷേധ, സങ്കട സൂചകമായി ഈ വർഷത്തെ പരിപാടി നിർത്തിവയ്ക്കുകയാണെന്നും വാർത്താ കുറിപ്പിൽ അറിയിച്ചു.

എം.ടി.എം ആർട്‌സ് കാർണിവൽ എന്ന പേരിൽ ഈ മാസമാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ഫെസ്റ്റിന്റെ ഭാഗമായി തീം സോങ് അടക്കം പുറത്തിറക്കിയിരുന്നു.

അതേസമയം, സി.ഐ.സി-ഹക്കീം ഫൈസി വിഷയത്തിൽ സമസ്ത യുവനേതാക്കളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ വിശദീകരണ സമ്മേളനങ്ങൾ തുടരുകയാണ്. സമസ്ത നയവിശദീകരണ സമ്മേളനം എന്ന പേരിൽ കടമേരി റഹ്‌മാനിയ്യ കാംപസിൽ നിശ്ചയിച്ചിരുന്ന പരിപാടി മാനേജ്‌മെന്റ് ഇടപെടലിനെ തുടർന്ന് കുറ്റ്യാടിയിലേക്ക് മാറ്റിയിരുന്നു. ഈ മാസം 11ന് വൈകീട്ടാണ് സമ്മേളനം നടക്കുന്നത്. 15ന് മലപ്പുറത്തും വിശദീകരണ സംഗമം പ്രഖ്യാപിച്ചിട്ടുണ്ട്. 16ന് കോഴിക്കോട് ഫ്രാൻസിസ് റോഡിലെ സമസ്ത ആസ്ഥാനത്ത് വാഫി സ്ഥാപന ഭാരവാഹികളുടെ യോഗവും വിളിച്ചുചേർത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here