മുസ്ലിം ലീഗ് മുന്നണിമാറ്റ സാധ്യതകളില്ല, യുഡിഎഫ് ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സാദിഖലി ശിഹാബ് തങ്ങൾ

0
157

കോഴിക്കോട്: ലീഗിന്റെ മുന്നണി മാറ്റ സാധ്യതകൾ തള്ളി സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ.  ലീഗ് വർഗീയപാർട്ടിയല്ലെന്ന സിപിഎം അഭിപ്രായം പൊതുജനാഭിപ്രായം  കൂടിയാണെന്നും സാദിഖലി  തങ്ങൾ.

മുന്നണി മാറണമെന്ന അഭിപ്രായം പലർക്കും ഉണ്ടാകാമെങ്കിലും യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് മുസ്ലീം ലീഗിന്റെ ലക്ഷ്യമെന്ന് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. മുന്നണി ശക്തിപ്പെട്ടാൽ അടുത്ത തവണ യുഡിഎഫിന് തന്നെ അധികാരം ലഭിക്കും. അധികാരമില്ലാത്ത സമയത്ത് ലീഗ് കൊടുങ്കാറ്റാണ്.

ലീഗ് വർഗീയപാർട്ടിയല്ലെന്ന സിപിഎം അഭിപ്രായം പൊതുജനാഭിപ്രായം കൂടിയാണ്. ദേശീയതലത്തിൽ ഇടതുപക്ഷം യുപിഎയുടെ ഭാഗമാകണമെന്നും മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് മുന്നോടിയായി സാദിഖലി തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി നയിക്കുന്ന യാത്ര പാർട്ടിയെ പ്രതിരോധിക്കേണ്ട യാത്രയായി മാറിയെന്ന ആരോപണവുമായി മുസ്ലിം ലീഗ് സ്റ്റേറ്റ് സെക്രട്ടറി പിഎംഎ സലാം കഴിഞ്ഞ ദിവസം എത്തിയിരുന്നു. യാത്രയുടെ ലക്ഷ്യങ്ങൾ പൊളിഞ്ഞു. നിയമസഭയിലെ സാങ്കേതിക ഭൂരിപക്ഷമല്ലാതെ ഇപ്പോൾ സർക്കാരിന് ജന പിന്തുണയില്ല. ഇപ്പോൾ നിയമസഭ തെരഞ്ഞെടുപ്പ് നടന്നാൽ ഇടതുപക്ഷത്തിന് കെട്ടി വച്ച കാശ് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പല സിപിഎം നേതാക്കൾക്കും പിന്നാലെയും ഇഡിയുണ്ട്. ഇഡി യുടെ ഇടപെടലുകൾ രാഷ്ട്രീയമാണെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. എന്തായാലും വസ്‌തുത പുറത്ത് വരട്ടെയെന്നും പിഎംഎ സലാം പറഞ്ഞു. ജില്ലകളിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നീണ്ട് പോയതുകൊണ്ട് മുസ്ലീം ലീഗ് പുതിയ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് ഒരാഴ്ച കൂടി നീളുമെന്നും പിഎംഎ സലാം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here