അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കുനേരെ ഗ്യാലറിയിലെ ഒരു വിഭാഗം ആരാധകര്‍ ജയ് ശ്രീറാം വിളിച്ച സംഭവത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. നാലാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത് ഈ വിഷയത്തില്‍ തന്‍റെ നിലപാട് അറിയിച്ചത്.
ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്. എനിക്ക് അതേക്കുറിച്ച് ഒന്നും അറിയില്ല. അവിടെ എന്താണ് സംഭവിച്ചത് എന്നും അറിയില്ല-രോഹിത് പറഞ്ഞു. അഹമ്മദാബാദ് ടെസ്റ്റിന്‍റെ ആദ്യ ദിനം മത്സരം തുടങ്ങുന്നതിന് തൊട്ടു മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ ബൗണ്ടറി ലൈനിന് സമീപം ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു ഗ്യാലറിയില്‍ നിന്ന് ആരാധകര്‍ ഷമിയെ പേരെടുത്ത് വിളിച്ച് ജയ് ശ്രീറാം വിളിച്ചത്.
ബൗണ്ടറിക്ക് സമീപം നില്‍ക്കുകയായിരുന്ന ഇന്ത്യന്‍ താരങ്ങളെ ഗ്യാലറിയിലിരുന്ന ഒരു വിഭാഗം ആരാധകര്‍ ആദ്യം പേരെടുത്ത് വിളിച്ചു. സൂര്യകുമാര്‍ യാദവിനെ പേരെടുത്ത് വിളിച്ച ആരാധകര്‍ക്കു നേരെ സൂര്യ കൈയുയര്‍ത്തി കാണിച്ച് പ്രത്യഭിവാദ്യം ചെയ്യുകയും ചെയ്തു. പിന്നാലെ ആരാധകര്‍ ഉച്ചത്തില്‍ ജയ് ശ്രീറാം വിളിച്ചു. ഇതിനുശേഷം മുഹമ്മദ് ഷമിയുടെ പേരെടുത്ത് വിളിച്ച് ജയ് ശ്രീറാം എന്ന് വിളിക്കുകയായിരുന്നു. ആരാധകരുടെ വിളികളോട് ഷമി പ്രതികരിച്ചില്ല. ആരാധകരുടെ പെരുമാറ്റത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അഹമ്മദാബാദില്‍ നടന്ന നാലാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതോടെ ഇന്ത്യ നാലു മത്സര പരമ്പര 2-1ന് സ്വന്തമാക്കി.നാഗ്പൂരിലും ഡല്‍ഹിയിലും നടന്ന ആദ്യ രണ്ട് ടെസ്റ്റുകളിലും ഇന്ത്യ ജയിച്ചപ്പോള്‍ ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയ ജയിച്ചു. ശ്രീലങ്കക്കെതിരായ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് നാടകീയ ജയം സ്വന്തമാക്കിയതോടെ അഹമ്മദാബാദ് ടെസ്റ്റില്‍ സമനിലയായിട്ടും ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുകയും ചെയ്തു. ജൂണില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ നടക്കുന്ന ഫൈനലില്‍ ഓസ്ട്രേലിയ തന്നെയാണ് ഇന്ത്യയുടെ എതിരാളികള്‍.