പള്ളിക്ക് മുന്നില്‍ ബജ്‌റംഗ്ദളിന്റെ കൊടി വീശി, വാഹനങ്ങള്‍ക്ക് തീയിട്ടു; രാമനവമിയുടെ പേരില്‍ രാജ്യത്തുടനീളം വ്യാപക അക്രമം

0
289

ന്യൂദല്‍ഹി: രാമനവമി ആഘോഷത്തിന്റെ മറവില്‍ രാജ്യത്തുടനീളം ഹിന്ദുത്വ സംഘടനകളുടെ വ്യാപക അക്രമം. രാമനവമിയുടെ ഭാഗമായി സംഘടിപ്പിച്ച ശോഭാ റാലിക്കിടെ ബംഗാളിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും ദല്‍ഹിയിലും വലിയ തോതിലുള്ള അക്രമ സംഭവങ്ങളാണ് അരങ്ങേറിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പശ്ചിമ ബംഗാളിലെ ഹൗറയില്‍ അക്രമാസക്തരായ ഹിന്ദുത്വ പ്രവര്‍ത്തകര്‍ പള്ളികള്‍ക്ക് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ പൊലീസ് വാഹനങ്ങളടക്കം പ്രവര്‍ത്തകര്‍ അഗ്നിക്കിരയാക്കുന്ന ദൃശ്യങ്ങള്‍ എ.എന്‍.ഐ.പുറത്തുവിട്ടിട്ടുണ്ട്.

ബംഗാളിലുണ്ടായ കലാപങ്ങള്‍ക്ക് പിറകില്‍ ബി.ജെ.പിയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. വര്‍ഗീയ കലാപമുണ്ടാക്കാനായി ബി.ജെ.പി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പാര്‍ട്ടി ഗുണ്ടകളെ ഇറക്കിയാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് അവര്‍ പറഞ്ഞു. അക്രമത്തില്‍ ഇതുവരെ മുപ്പതോളം പേരെ അറസ്റ്റ് ചെയ്തതായി ബംഗാള്‍ പൊലീസിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

സമാനമായ രീതിയില്‍ ഗുജറാത്തിലെ വഡോദരയിലും മഹാരാഷ്ട്രയിലെ ഛത്രപതി സംബാജി നഗറിലും ശോഭായാത്രക്കിടെ അക്രമസംഭവങ്ങള്‍ അരങ്ങേറി. ഗുജറാത്തില്‍ റാലിക്കെതിരെ കല്ലേറുണ്ടായെന്നാരോപിച്ചാണ് വി.എച്.പി പ്രവര്‍ത്തകര്‍ അക്രമമഴിച്ചുവിട്ടത്. പഞ്ച്‌റിഗറിലുള്ള മസ്ജിദിന് മുന്നില്‍ വെച്ചാണ് ആക്രമണമുണ്ടായതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതിനിടെ ദല്‍ഹിയില്‍ പൊലീസിന്റെ നിരോധനാജ്ഞ ലംഘിച്ച് ആയിരക്കണക്കിനാളുകള്‍ ശോഭായാത്രയില്‍ പങ്കെടുത്തു. അഖില ഭാരതീയ ഹിന്ദു യുവ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സൂചകമായി റാലി സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന റാലിക്കിടെ പ്രദേശത്തുണ്ടായ വലിയ രീതിയിലുള്ള അക്രമ സംഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് ദല്‍ഹി പൊലീസ് ഇത്തവണ റാലിക്ക് അനുമതി നിഷേധിച്ചിരുന്നത്.

അതേസമയം രാമനവമിക്കിടെ പള്ളിക്ക് മുന്നില്‍ ബജ്‌റഗ്ദളിന്റെ കൊടി വീശുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പൊലീസിന്റെ സാന്നിധ്യത്തില്‍ ബജ്‌റഗ്ദള്‍ പ്രവര്‍ത്തകന്‍ ജയ് ശ്രീ റാം വിളിച്ച് കൊടി വീശുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. കൂട്ടത്തില്‍ പള്ളികള്‍ക്ക് നേരെ കല്ലെറിയുന്ന ഹിന്ദുത്വ പ്രവര്‍ത്തകരുടെ വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here