കർണാടക ബിജെപിയെ വെട്ടിലാക്കി വീണ്ടും രാജി; പാർട്ടി എംഎൽഎ ഗോപാലകൃഷ്ണ രാജിവച്ചു, കോൺഗ്രസിലേക്കെന്ന് അഭ്യൂഹം

0
188

നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കർണാടക ബിജെപിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു . മുതിർന്ന നേതാവും എട്ട് തവണ എംഎൽഎയുമായ എൻ വൈ ഗോപാലകൃഷ്ണ സ്ഥാനം രാജിവച്ച് ബിജെപി വിട്ടതാണ് ഒടുവിലത്തെ സംഭവം. ഉത്തര കന്നഡ ജില്ലയിലെ കുഡ്ലിഗി മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയാണ് അദ്ദേഹം .

വ്യക്തിപരമായ കാരണങ്ങളാൽ രാജി വയ്ക്കുന്നുവെന്നാണ് വിശദീകരണമെങ്കിലും, കോൺഗ്രസ് പ്രവർത്തകരുടെ അകമ്പടിയോടെയായിരുന്നു ഗോപാലകൃഷ്ണ രാജിക്കത്തുമായി സ്പീക്കർ വിശ്വേശര ഹെഗ്‌ഡെ കെഗേരിയുടെ വീട്ടിലെത്തിയതെന്നാണ് റിപ്പോർട്ടുകള്‍ . 1997 മുതൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന അദ്ദേഹം ബെല്ലാരി , മൊളകാൽമുരു എന്നീ നിയമസഭാ മണ്ഡലങ്ങളേയും പ്രതിനിധീകരിച്ചിട്ടുണ്ട്. ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ ക്ഷീണമാണ് ഗോപാലകൃഷ്ണയുടെ രാജി .

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപും ശേഷവും നിരവധി പ്രമുഖരാണ് ബിജെപി വിട്ടതും കോൺഗ്രസിൽ ചേരുന്നതും . നേരത്തെ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെയുടെ വിശ്വസ്തനും കർണാടക ഉപരിസഭാംഗവുമായിരുന്ന മഞ്ജുനാഥ് കുന്നൂർ ബിജെപി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. മറ്റൊരു മുൻ ഉപരിസഭാംഗം ബാബുറാവു ചിഞ്ചൻസൂറും സിറ്റിങ് എംഎൽസി പുട്ടണ്ണയും കാവിക്കൊടി വിട്ട് മൂവർണ്ണക്കൊടി പിടിച്ചതും അടുത്തിടെയായിരുന്നു. പാർട്ടി എംഎൽഎമാരെയും നേതാക്കളെയും, കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ നേരിട്ട് ചാക്കിട്ടു പിടിക്കുകയാണെന്നാണ് മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെയുടെ ആരോപണം. ഓപ്പറേഷൻ കമലയ്ക്ക് ബദലായി ഓപ്പറേഷൻ ഹസ്ത നടക്കുന്നതായാണ് ബിജെപി നേതാക്കൾ സംശയിക്കുന്നത് .

70 വയസ് തികഞ്ഞവർക്ക്, വരുന്ന തിരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കില്ല എന്നതാണ് മുതിർന്ന നേതാക്കളെ പാർട്ടി വിടാൻ പ്രേരിപ്പിക്കുന്നത് എന്നാണ് വിലയിരുത്തൽ. കോൺഗ്രസിൽ പ്രായപരിധി പ്രശ്നമില്ല എന്നതാണ് ആകർഷക ഘടകം . ബിജെപിയിൽ മാത്രമല്ല, ജെഡിഎസിൽ നിന്നും നിരവധിപേർ രാജിവച്ച് കോൺഗ്രസിൽ എത്തിയിട്ടുണ്ട് . ഗുബ്ബി എംഎൽഎ ആയിരുന്ന എസ് ആർ ശ്രീനിവാസ് സ്പീക്കർക്ക് രാജിക്കത്ത് നൽകി നേരെ പോയത് കോൺഗ്രസ് ആസ്ഥാനത്തേയ്ക്കായിരുന്നു . കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറിൽ നിന്ന് ശ്രീനിവാസ് പാർട്ടി അംഗത്വമെടുത്തു. ഗുബ്ബി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി അദ്ദേഹം ജനവിധി തേടിയേക്കും. ജെഡിഎസിന്റെ അർക്കലഗുഡ് എംഎൽഎ എ ടി രാമസ്വാമിയും സ്പീക്കർക്ക് രാജിക്കത്ത് നൽകി, വൈകാതെ അദ്ദേഹം കോൺഗ്രസിലോ ബിജെപിയിലോ അംഗത്വമെടുത്തേക്കും .

LEAVE A REPLY

Please enter your comment!
Please enter your name here