“ന്യൂഡൽഹി : 2018 ഫെബ്രുവരി 7 ന് രാജ്യസഭയിലുണ്ടായ ബഹളത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ശൂർപ്പണഖയോട് ഉപമിച്ചു എന്നാണ് മുൻ കേന്ദ്ര മന്ത്രികൂടിയായ രേണുകാ ചൗധരിയുടെ ആരോപണം. അന്ന് രാജ്യസഭാ അദ്ധ്യക്ഷനായിരുന്ന വെങ്കയ്യാ നായിഡുവിൻറെ ശാസനയെ അംഗീകരിക്കാതെ ചിരിച്ചു കൊണ്ട് നിന്ന രേണുകയെ പ്രധാനമന്ത്രി പരിഹസിച്ചിരുന്നു. രാമായണം സീരിയലിന് ശേഷം ആദ്യമായിട്ടാണ് ഇത്തരം ഒരു ചിരി കാണുന്നതെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ഇതുകൊണ്ട് പ്രധാനമന്ത്രി ഉദ്ധേശിച്ചത് ശൂർപ്പണഖയെയാണെന്നാണ് രേണുകയുടെ വാദം.
മാനനഷ്ട കേസ് ഉടൻ ഫയൽ ചെയ്യുമെന്നും കോടതികൾ ഇനി എത്ര വേഗത്തിൽ പ്രവർത്തിക്കുമെന്ന് കാണാമെന്നും രേണുകാ ചൗധരി ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധിക്കെതിരെ സൂറത്ത് കോടതി രണ്ടു വർഷം തടവ് ശിക്ഷ വിധിച്ചതിന് തൊട്ടു പിന്നാലെയാണ് മോദിക്കെതിരെ കേസ് നൽകുമെന്ന പ്രഖ്യാപനവുമായി രേണുകാ ചൗധരി രംഗത്തെത്തിയിരിക്കുന്നത്.”