
ദോഹ: വീശുദ്ധ റമദാനിൽ ഒരു ലക്ഷം പേർക്ക് ദിനംപ്രതി ഇഫ്താർ ഒരുക്കാൻ സൗകര്യമൊരുക്കി ഖത്തർ. ഒരു ദിവസം 10,000 നോമ്പുകാർക്ക് ഭക്ഷണം നൽകാൻ കഴിയുന്ന 10 ഇഫ്താർ ടെന്റുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുക. പ്രവാസികൾ ഉൾപ്പെടെ നിരവധി സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദമാകുന്നതാണ്.
രാജ്യത്തുടനീളം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലാണ് ടെന്റുകൾ സ്ഥാപിക്കുകയെന്ന് ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിലെ ജനറൽ എൻഡോവ്‌മെന്റ് വിഭാഗം അറിയിച്ചു. “ഇഫ്താർ സായിം എൻഡോവ്‌മെന്റി”ലൂടെയാണ് ടെന്റുകൾ സ്ഥാപിക്കുക. “നീതിക്കും തഖ്‌വയ്ക്കും” വേണ്ടിയുള്ള എൻഡോവ്‌മെന്റ് ഫണ്ടിലേക്ക് വിശുദ്ധ റമദാൻ മാസത്തിൽ എല്ലാവരും സംഭാവനകൾ നൽകണമെന്നും എൻഡോവ്‌മെന്റ് വിഭാഗം അറിയിച്ചു.
എല്ലാ വർഷവും റമദാനിൽ ഇഫ്താർ കൂടാരങ്ങൾ ഒരുക്കാൻ ഡിപ്പാർട്ട്‌മെന്റ് താൽപ്പര്യപ്പെടുന്നുവെന്ന് ജനറൽ എൻഡോവ്‌മെന്റ് വകുപ്പ് ഡയറക്ടർ ജനറൽ ഡോ. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് അൽതാനി പറഞ്ഞു.
ഈ വർഷം വിവിധ സ്ഥലങ്ങളിൽ ദിവസവും 10,000 നോമ്പുകാർക്ക് ഇഫ്താർ ഭക്ഷണം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് എൻഡോവ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മുഹമ്മദ് ബിൻ യാക്കൂബ് അൽ അലി പറഞ്ഞു. പത്ത് സ്ഥലങ്ങളിൽ ഇഫ്താർ ഭക്ഷണം നൽകുമെന്നും നോമ്പുകാർക്ക് ഇഫ്താർ വിരുന്ന് ടെന്റുകളിലും വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.