ലണ്ടന്‍ പരാമര്‍ശം, വീട്ടില്‍ റെയ്ഡ്, ഒടുവില്‍ കോടതിയിലെ തിരിച്ചടി; ജോഡോ യാത്രക്ക് ശേഷം വിവാദമൊഴിയാതെ രാഹുല്‍

0
148

ദില്ലി: കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ ഭാരത് ജോഡോ യാത്രക്ക് ശേഷം വിവാദങ്ങള്‍ ഒഴിയാതെ രാഹുല്‍ ഗാന്ധി. ജോഡോ യാത്രക്ക് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റിന് അകത്തും പുറത്തും അദാനി വിഷയം സജീവമാക്കിയിരുന്നു. ശേഷമാണ് അദ്ദേഹം ലണ്ടനില്‍ സന്ദര്‍ശനം നടത്തിയത്. ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ ഇന്ത്യയിലെ ജനാധിപത്യത്തെ നിലവിലെ സർക്കാർ കൈകാര്യം ചെയ്യുന്നതിനെ വിമർശിച്ചാണ് രാഹുൽ‌ ആദ്യം വിവാദത്തിലായത്. വിദേശത്ത് പോയി രാഹുൽ ​ഗാന്ധി ഇന്ത്യയെ അപമാനിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു.

രാജസ്ഥാനിലെ കോൺ​ഗ്രസ് മന്ത്രിയുടെ മകൻ അടക്കം രാഹുൽ​ ​ഗാന്ധിയുടെ നിലപാടിനെ വിമർശിച്ച് രം​ഗത്തെത്തി. തുടർന്ന് പാർലമെന്റിലും രാഹുലിനെതിരെ ബിജെപി നേതാക്കൾ കടുത്ത വിമർശനമുന്നയിച്ചു. അതേസമയം, രാഹുൽ ​ഗാന്ധിയുടെ പ്രസ്താവനകളെ കോൺ​ഗ്രസ് പിന്തുണച്ചു. തൊട്ടുപിന്നാലെയാണ് ദില്ലി പൊലീസ് രാഹുൽ ​ഗാന്ധിയുടെ വീട്ടിലെത്തിയത്. ഭാരത് ജോഡോ യാത്രക്കിടെ കശ്മീരിൽ നടത്തിയ പ്രസം​ഗത്തിലെ പരാമർശമാണ് കേസിനാധാരം. കശ്മീരിലെ സ്ത്രീകൾ ബലാത്സം​ഗം ചെയ്യപ്പെട്ടതായി തന്നോട് പരാതിപ്പെട്ടുവെന്നായിരുന്നു രാഹുലിന്റെ പരാമർശം. പീഡനത്തിനിരയായ സ്ത്രീകളുടെ വിവരങ്ങൾ തേടിയാണ് ദില്ലി പൊലീസ് രാഹുലിന്റെ വീട്ടിലെത്തിയത്.

എന്നാൽ, പൊലീസിന് രാഹുൽ മുഖം കൊടുത്തില്ല. രാഹുലിന് നോട്ടീസ് നൽകിയാണ് മടങ്ങിയതെന്ന് പൊലീസും അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി അദാനിയും തമ്മിലുള്ള ബന്ധം ശക്തമായി ആരോപിച്ചതിനാൽ കേന്ദ്ര സർക്കാർ രാഹുൽ ​ഗാന്ധിയെ വേട്ടയാടുകയാണെന്നാണ് കോൺ​ഗ്രസ് പ്രതികരണം. തൊട്ടുപിന്നാലെയാണ് പഴയ പ്രസം​ഗത്തിന്റെ പേരിൽ രാഹുലിനെ കോടതി ശിക്ഷിച്ചത്. കർണാടകയിലെ കോലാറിൽ നടത്തിയ പ്രസം​ഗമാണ് രാഹുലിന് തിരിച്ചടിയായത്. എല്ലാ കള്ളന്മാരുടെയും പേരിൽ മോദി എന്ന് വരുന്നത് എന്തുകൊണ്ടാണെന്നായിരുന്നു പരാതിക്കാധാരമായ പരാമർശം. രാഹുലിന്റെ പരാമർശം മോദി വിഭാ​ഗത്തിനെതിരെയുള്ള അപകീർത്തിയാണെന്നാരോപിച്ച് പൂർണേഷ് മോദി എന്നയാൾ സൂറത്ത് കോടതിയെ സമീപിച്ചു. ഈ പരാതിയിലാണ് രാഹുൽ ​ഗാന്ധി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here