ബംഗ്ലൂരു : രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ കർണാടകയിലേതെന്ന് രാഹുൽ ഗാന്ധി. തൊഴിൽ രഹിതരായ 10 ലക്ഷം യുവതീ യുവാക്കൾക്ക് തൊഴിലവസരങ്ങൾ കർണാടകയിൽ കോൺഗ്രസ് ഉറപ്പ് നൽകുന്നുവെന്നും രാഹുൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനെ പാർട്ടിയിലെ നേതാക്കൾ ഒന്നിച്ച് നിന്ന് നേരിടും. കോൺഗ്രസിന് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയും രാഹുൽ പങ്കുവെച്ചു.
ബെലഗാവിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് കോൺഗ്രസ് പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്. തൊഴിലില്ലാത്ത ബിരുദധാരികളായ യുവതീയുവാക്കൾക്ക് 3000 രൂപയും ഡിപ്ലോമ ബിരുദധാരികൾക്ക് 1500 രൂപയും പ്രതിമാസം വേതനം നൽകും. അധികാരത്തിലെത്തിയാൽ രണ്ട് വർഷത്തേക്ക് വേതനമുണ്ടാകും. നേരത്തേ തൊഴിൽരഹിതരായ വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ, ബിപിഎൽ കുടുംബങ്ങൾക്ക് 10 കിലോ അരി, എല്ലാ കുടുംബങ്ങൾക്കും ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യം എന്നീ വാഗ്ദാനങ്ങൾ കോൺഗ്രസ് മുന്നോട്ട് വച്ചിരുന്നു.