രാഹുൽ ഗാന്ധി ഒരു മാസത്തിനകം വീടൊഴിയേണ്ടി വരും; ഒരു മണ്ഡലവും ഒഴിച്ചിടേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

0
308

ദില്ലി: എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടി വരും. ഒരു മാസത്തിനകം വീടൊഴിയാനാകും നോട്ടീസ് നൽകുക. വയനാട് ഉപതെരഞ്ഞെടുപ്പ് നടത്താൻ നിലവിൽ തടസ്സമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നുണ്ട്. നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനമെന്ന് വ്യക്തമാക്കുന്ന കമ്മീഷൻ ഒരു മണ്ഡലവും ഒഴിച്ചിടേണ്ടതില്ലെന്നാണ് നയമെന്നും വ്യക്തമാക്കുന്നു.

കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെ, വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ രാഹുൽഗാന്ധി. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം. അന്യായമായി അയോഗ്യനാക്കിയെന്ന വാദമാകും രാഹുൽ ഉയർത്തുക. അതേ സമയം സംസ്ഥാന കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രതിഷേധം തുടരും. ഛത്തീസ്ഘട്ടിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് ബി ജെ പി പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. തിങ്കളാഴ്ച മുതൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സംസ്ഥാനത്ത് രാത്രി വൈകിയും വിവിധയിടങ്ങളില്‍ പ്രതിഷേധം. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് കെഎസ്‍യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കെഎസ്‍യു സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. മുന്നൂറിലേറെ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ  ഇരച്ചെത്തി. ബാരിക്കേടും തകർത്ത് പൊലീസുമായും ആർപിഎഫ് ഉദ്യോദസ്ഥരുമായും ഏറ്റുമുട്ടി. ലാത്തിച്ചാർജിൽ ഡിസിസി അധ്യക്ഷൻ പ്രവീൺ കുമാറിനും കെഎം അഭിജിത്തിനും പരിക്കേറ്റു. പ്രവർത്തകരുടെ കല്ലേറിൽ പരിക്കേറ്റ ആർപിഎഫ് സബ് ഇൻസ്പെക്ടർ സിനോജിനേയും ആശുപത്രിയിലേക്ക് മാറ്റി. രാജ് ഭവനിലേക്ക് കെഎസ്‍യുവിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ പൊലീസുമായി സംഘർഷമുണ്ടായി. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി ചാർജ് നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here