റെയില്‍വേ സ്റ്റേഷനിലെ ടി വി സ്‌ക്രീനില്‍ അശ്ലീല സിനിമയിലെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത് മൂന്ന് മിനിറ്റോളം; യാത്രക്കാര്‍ ബഹളം വച്ചിട്ടും ഓഫ് ചെയ്തില്ല

0
211

ബിഹാറിലെ പാട്‌ന റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള ടി വി സ്‌ക്രീനില്‍ അശ്ലീല സിനിമയിലെ ദൃശ്യങ്ങള്‍ പ്ലേ ചെയ്തത് മൂന്ന് മിനിറ്റോളം സമയം. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം നടന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. പരസ്യചിത്രമാണെന്നാണ് തുടക്കത്തില്‍ യാത്രക്കാര്‍ വിചാരിച്ചിരുന്നതെങ്കിലും ടി വി സ്‌ക്രീനില്‍ പ്ലേ ആയിരിക്കുന്നത് അഡള്‍ട്ട് സിനിമയിലെ രംഗങ്ങളാണെന്ന് മനസിലായതോടെ യാത്രക്കാര്‍ പലരും വല്ലാതെ അസ്വസ്ഥരാകുകയായിരുന്നു. നൂറു കണക്കിന് യാത്രക്കാരാണ് ആ സമയത്ത് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നത്.

ടി വിയില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ട് യാത്രക്കാരില്‍ ചിലര്‍ ബഹളം വയ്ക്കുകയും കൂവി വിളിക്കുകയും ചെയ്‌തെങ്കിലും മൂന്ന് മിനിറ്റിലധികം സമയം ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ പ്ലേ ചെയ്‌തെന്നാണ് യാത്രക്കാര്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്. സംഭവത്തെത്തുടര്‍ന്ന് യാത്രക്കാര്‍ ഗവണ്‍മെന്റ് റെയില്‍വേ പൊലീസില്‍ പരാതി സമര്‍പ്പിച്ചു. വിഡിയോ അബദ്ധത്തില്‍ പ്ലേ ആയതാണെന്നാണ് പ്രാഥമിക നിഗമനം.

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംഭവത്തില്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണ്. റെയില്‍വേ സ്‌റ്റേഷനിലെ ടെലിവിഷന്‍ സ്‌ക്രീനില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ദത്ത കമ്മ്യൂണിക്കേഷന്‍സ് എന്ന ഏജന്‍സിയോടും വിശദീകരണം നേടിയെന്നാണ് വിവരം. കുട്ടികള്‍ ഉള്‍പ്പെടെ ആ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇത്തരമൊരു ദൃശ്യം മൂന്ന് മിനിറ്റോളം പ്രദര്‍ശിപ്പിക്കപ്പെട്ടത് ഗൗരവതരമായ വിഷയമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. നിരവധി യാത്രക്കാര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള വിഡിയോയും പകര്‍ത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here