രാജ്യാന്തര എണ്ണവില 70 ഡോളറിലേക്ക്, രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയില്ല; കാരണം

0
185

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില ഗണ്യമായി കുറഞ്ഞെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ പ്രതിഫലിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഈ പാദത്തിന്റെ തുടക്കത്തില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്നുനില്‍ക്കുകയായിരുന്നു. ഇതുമൂലം ഉണ്ടായ നഷ്ടം നികത്താന്‍ എണ്ണ വിതരണ കമ്പനികള്‍ ശ്രമിക്കുന്നതിനാല്‍ രാജ്യത്ത് ഉടന്‍ പെട്രോള്‍, ഡീസല്‍ വില കുറയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

2022 മെയ് മാസത്തിന് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഒരു ബാരല്‍ എണ്ണയ്ക്ക് 100 ഡോളര്‍ വരെ വില ഉയര്‍ന്നിരുന്നു. ഇപ്പോള്‍ 72 ഡോളറില്‍ എത്തി നില്‍ക്കുകയാണ് എണ്ണ വില. ബാങ്കിങ് മേഖലയില്‍ ഉണ്ടായ പ്രതിസന്ധിയാണ് എണ്ണവില ഗണ്യമായി താഴാന്‍ കാരണം. കൂടാതെ മാന്ദ്യഭീഷണിയും വിപണിയെ സ്വാധീനിക്കുന്നുണ്ട്.

ആഗോളതലത്തില്‍ എണ്ണവില കുറഞ്ഞത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഈ പാദത്തിന്റെ തുടക്കത്തില്‍ എണ്ണവില ഉയര്‍ന്നുനില്‍ക്കുന്ന അവസ്ഥയിലായിരുന്നു. എണ്ണ ഇറക്കുമതി വഴി ഏകദേശം 18,000 കോടിയുടെ നഷ്ടം നേരിട്ടതായാണ് എണ്ണ വിതരണ കമ്പനികള്‍ അവകാശപ്പെടുന്നത്. ഇത് നികത്തുന്നത് വരെ രാജ്യത്ത് എണ്ണവില കുറയാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് കൂടുതല്‍ സമയം എടുക്കുമെന്നതിനാല്‍ അടുത്തകാലത്ത് എണ്ണവില കുറയാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധരും പറയുന്നു.

മെയ് 2022ന് ശേഷം എണ്ണവില മാറ്റമില്ലാതെ തുടരുകയാണ്. അന്ന് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കേന്ദ്രസര്‍ക്കാര്‍ കുറച്ചു. പെട്രോള്‍ ലിറ്ററിന് എട്ടുരൂപയും ഡീസല്‍ ആറുരൂപയുമാണ് എക്‌സൈസ് ഡ്യൂട്ടി കുറച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here