മുംബൈ: മലയാളി താരം സഞ്ജു സാംസണ്‍ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തി. 2022 ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ കരാര്‍ ലിസ്റ്റാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്. ലിസ്റ്റ് പ്രകാരം ഗ്രേഡ് സിയിലാണ് സഞ്ജു സാംസണ്‍ ഇടംപിടിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് സഞ്ജുവിനെ ബിസിസിഐ കരാറില്‍ ഉള്‍പ്പെടുത്തുന്നത്. ഒരു കോടിയാണ് സി കാറ്റഗറിയിലുള്ളവര്‍ക്ക് ലഭിക്കുക.
ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ഉമേഷ് യാദവ്, ഏകദിന താരം ശിഖാര്‍ ധവാന്‍, ഷാര്‍ദുല്‍ താക്കൂര്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, യൂസ്‌വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, കെ എസ് ഭരത് എന്നിവരാണ് ലിസ്റ്റിലുള്ള മറ്റു താരങ്ങള്‍. എ പ്ലസ് ഗ്രേഡിലുള്ള താരങ്ങളുടെ പട്ടികയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പുതുതായി രവീന്ദ്ര ജഡേജയെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രിത് ബുമ്ര എന്നിവരാണ് നേരത്തെ പട്ടികയിലുണ്ടായിരുന്നത്.
അഞ്ച് കോടി പ്രതിഫലം ലഭിക്കുന്ന എ ഗ്രേഡില്‍ നാല് താരങ്ങളുണ്ട്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ആര്‍ അശ്വിന്‍, ടി20 ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, അക്‌സര്‍ പട്ടേല്‍, റിഷഭ് പന്ത് എന്നിവരേയാണ് എ ഗ്രേഡില്‍ ഉള്‍പ്പെടുത്തിയത്. മോശം ഫോമിലുള്ള കെ എല്‍ രാഹുലിനെ ബി ഗ്രേഡിലേക്ക് തരം താഴ്ത്തി. ടെസ്റ്റ് താരം ചേതേശ്വര്‍ പുജാര, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മൊഹമ്മദ് സിറാജ്, സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് നിലവില്‍ ബി ഗ്രേഡിലുള്ള താരങ്ങള്‍. മൂന്ന് കോടിയാണ് ഇവരുടെ പ്രതിഫലം.
കരാറില്‍ ഉള്‍പ്പെട്ടതോടെ സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി പദ്ധതികളുടെ ഭാഗമാണെന്ന് വ്യക്തമായിരിക്കുകയാണ്. വരുന്ന പരമ്പരകളില്‍ അദ്ദേഹത്തിന് അവസരം ലഭിച്ചേക്കാം. പന്ത് കാറപകടത്തെ തുടര്‍ന്ന് പുറത്തുനില്‍ക്കുന്ന സാഹചര്യത്തിലും ഇഷാന്‍ കിഷന്റെ മോശം ഫോമും പരിഗണിച്ച് സഞ്ജുവിന് വീണ്ടും അവസരം നല്‍കാനാണ് സാധ്യത. 31ന് ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവിന് നിര്‍ണായകമാവും.