മഞ്ചേശ്വരം: സീതാംഗോളി മുഗുവിലെ അബൂബക്കര്‍ സിദ്ദിഖിനെ (32) പൈവളിഗെയില്‍ മരത്തില്‍ തലകീഴായി കെട്ടിത്തൂക്കി തല്ലിക്കൊന്ന കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
മഞ്ചേശ്വരം ഉദ്യാവര്‍ സ്വദേശിയും കയര്‍ക്കട്ടയിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ മുഹമ്മദ് നിയാസിനെ(35)യാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം മുഹമ്മദ് നിയാസ് നേപ്പാളില്‍ ഒളിവിലായിരുന്നു. മഞ്ചേശ്വരത്ത് എത്തിയതായി രഹസ്യവിവരം ലഭിച്ചതനുസരിച്ച് പൊലീസ് സംഘം ഇവിടെയെത്തി നിയാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അബൂബക്കര്‍ സിദ്ധിഖ് വധക്കേസില്‍ 19 പ്രതികളാണുള്ളത്.
ഇവരില്‍ 11 പേരാണ് ഇതോടെ അറസ്റ്റിലായത്. ഇനി എട്ടുപ്രതികള്‍ അറസ്റ്റിലാകാനുണ്ട്. ഇതില്‍ മുഖ്യപ്രതികളായ രണ്ടുപേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ച അബൂബക്കര്‍സിദ്ധിഖ് വധക്കേസിലെ മറ്റൊരു പ്രതിയായ പൈവളിഗെ പള്ളക്കൂടല്‍ വീട്ടില്‍ പി.എം അബ്ദുല്‍ ജലീലിനെ (35) മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് ജലീലിനെ പിടികൂടിയത്. ജലീലിനെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ത്രേട്ട് കോടതി റിമാണ്ട് ചെയ്തിട്ടുണ്ട്. 2022 ജൂണ്‍ 26നാണ് അബൂബക്കര്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയത്.
അബൂബക്കര്‍ സിദ്ധിഖിനെ ഗള്‍ഫില്‍ നിന്ന് വിളിച്ചുവരുത്തി പൈവളിഗെയിലേക്ക് തട്ടിക്കൊണ്ടുപോകുകയും വിജനമായ സ്ഥലത്ത്മരത്തില്‍ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.