രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭാ സ്പീക്കറുടെ തിരുമാനത്തിനെതിരെ സി പി എമ്മും ഇടതു പക്ഷവും ആഞ്ഞടിച്ചതിലൂടെയും , മുഖ്യമന്ത്രിയടക്കമുളളവര്‍ രാഹുലിന് തുറന്ന പിന്തുണ പ്രഖ്യാപിച്ചതിലൂടെയും ഒരു മുഴം മുമ്പെ എറിയുകയാണ് സി പി എം. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയാകട്ടെ ഒന്നാം പേജില്‍ തന്നെ കടുത്ത വിമര്‍ശനുവുമായാണ് രംഗത്ത് വന്നത്. ഇക്കാര്യത്തില്‍ പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുണക്കുന്നു പറയുന്ന മാധ്യമങ്ങളെക്കാളൊക്കെ വളളപ്പാട് മുമ്പിലായി ദേശാഭിമാനി.
അതേ സമയം രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ സംഘപരിവാര്‍ എന്നോ ബി ജെ പിയെന്നോ മോദിയെന്നോ പരാമര്‍ശിക്കാതിരുന്നത് സി പി എം കേന്ദ്രങ്ങളില്‍ നിന്നടക്കം വലിയ വിമര്‍ശനം വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയാകട്ടെ സംഘപരിവാറിനെതിരെ അതിശക്തമായ ആക്രമണം നടത്തുകയും രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
സത്യത്തില്‍ ഇതിലൂടെ യു ഡി എഫിനെ വെട്ടിലാക്കുകയാണ് മുഖ്യമന്ത്രിയും സി പി എമ്മും ചെയ്തത്. സംഘപരിവാറിനെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസിനെക്കാള്‍ ആത്മാര്‍ത്ഥ സി പിഎമ്മിനാണെന്ന് വരുത്തി തീര്‍ക്കുക. അത് വഴി മതന്യുനപക്ഷങ്ങളുടെ ഇടയില്‍ സി പി എമ്മിനുള്ള സ്വാധീനം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിലനിര്‍ത്തുക. സ്വര്‍ണ്ണക്കള്ളക്കടത്ത് വിഷയത്തിലും, ലൈഫ് മിഷന്‍ അഴിമതിക്കേസിലും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കങ്ങള്‍ പിണറായിക്കും കുടുംബത്തിനും എതിരാവുകയാണെങ്കില്‍ അത് രാഹുല്‍ഗാന്ധിയെ അനുകൂലിച്ചതിന്റെ പേരില്‍ മോദിക്കുള്ള വിരോധം കൊണ്ടാണെന്ന് വരുത്തി തീര്‍ക്കുക. അങ്ങിനെ വരുമ്പോള്‍ പിണറായിക്ക് എതിരെ തിരിയാന്‍ കോണ്‍ഗ്രസിനും യു ഡി എഫിനും പരിമിതികളുണ്ടാകും. ഇതാണ് ഈ വിഷയത്തില്‍ സി പി എം കൈക്കൊണ്ട തന്ത്രം.
രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനും യു ഡി എഫിനും അത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് ആദ്യം കരുതപ്പെട്ടിരുന്നത്. രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്നുള്ള എം പിയാണ് എന്നതാണ് പ്രധാനകാരണം. സൂറത്ത് കോടതി വിധി മേല്‍ക്കോടതി സ്‌റ്റേ ചെയ്തില്ലങ്കില്‍ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നുറപ്പാണ്. അതില്‍ സി പി എം എടുക്കുന്ന നിലപാടും നിര്‍ണ്ണായകമായിരിക്കും.
അളന്നുതൂക്കിയുള്ള രാഷ്ട്രീയ നീക്കങ്ങളാണ് രാഹുല്‍ ഗാന്ധി വിഷയത്തില്‍ സി പി എം നടത്തുന്നത്. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന് പ്രത്യേകിച്ച് നെഹ്‌റും കുടുംബത്തിന് പിന്തുണ പ്രഖ്യാപിക്കുകയും അതോടൊപ്പം കേരളത്തിലെ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുകയും ചെയ്യുക എന്നതാണ് പിണറായി വിജയന്‍ എടുക്കുന്ന തന്ത്രം. രാഹുല്‍ഗാന്ധിക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ച പിണറായി വിജയനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് ഇനി എന്തു പറഞ്ഞു രാഷ്ട്രീയ പോരാട്ടം നടത്തുമെന്നതാണ് പ്രശ്‌നം. സി പി എം – ബി ജെ പി രഹസ്യധാരണയെന്ന ആരോപണം കേരളത്തിലെ കോണ്‍ഗ്രസിന് ഇനി ആരോപിക്കാന്‍ കഴിയാത്ത വിധമുള്ള രാഷ്ട്രീയനീക്കമാണ് രാഹുല്‍ഗാന്ധി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി കൈക്കൊണ്ടത്.