കൂട്ടലിന് മാത്രം ഒരു കുറവുമില്ല. ഇന്ധനമായാലും ഗ്യാസായാലും. പാചകവാതകത്തിന് കേന്ദ്രം 50 രൂപ ഒറ്റയടിക്ക് കൂട്ടിയതോടെ സിലിണ്ടറിന്റെ വില 1100 കടന്നു. പണ്ടൊക്കെ കൂട്ടലിന് ചില കാരണവും ന്യായീകരണവും ഒക്കെ നിരത്താറുണ്ടായിരുന്നു. ഇപ്പോള്‍ അതും ആരും പറയാറില്ല. എല്ലാം സഹിക്കാന്‍ ജനം. വാണിജ്യ സിലിണ്ടറിന് 350 രൂപയാണ് കൂട്ടിയത്. ഹോട്ടലുകാരുടെ നടുവൊടിയാതിരിക്കാന്‍ അവര്‍ ഭക്ഷണസാധനങ്ങള്‍ക്കു വില കൂട്ടും. ആ വഴിക്കും ജനത്തിന് പ്രഹരം വേറെ.
മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പാചകവാതകത്തിന് ഒരു സിലിണ്ടറിന് 410 രൂപയായിരുന്നു. ഒമ്പത് വര്‍ഷം കൊണ്ട് അത് 1103 രൂപയിലെത്തി നില്‍ക്കുന്നു. വീട്ടിലെത്തിക്കണമെങ്കില്‍ 50 അല്ലെങ്കില്‍ 100 രൂപ വേറെയും കൊടുക്കണം. ഏകദേശം 700 രൂപയുടെ വര്‍ധന. ആദ്യം സബ്‌സിഡിയുടെ പേരില്‍ പറ്റിച്ചു. ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് സബ്‌സിഡി തുക വകവെക്കുന്ന പരിഷ്‌കാരം തുടങ്ങി. വര്‍ഷത്തില്‍ 10 സിലിണ്ടര്‍ വരെ മാത്രം സബ്‌സിഡി എന്ന നയം യു.പി.എയുടെ വകയായിരുന്നു. തുടക്കത്തില്‍ അത് അക്കൗണ്ടിലെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി സബ്‌സിഡി സര്‍ക്കാര്‍ മറന്നു. സബ്‌സിഡി രഹിത ഇന്ത്യ എന്നാണോ പുതിയ മുദ്രാവാക്യം. അറിയില്ല. ഏതായാലും സബ്‌സിഡി കിട്ടാന്‍ അക്കൗണ്ട് തുടങ്ങിയവര്‍ അക്കൗണ്ട് നിലനിര്‍ത്താന്‍ അങ്ങോട്ട് പണം അടയ്‌ക്കേണ്ട സ്ഥിതിയാണിന്ന്.
എട്ടു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ ഈ വിലവര്‍ധന. വാണിജ്യ സിലണ്ടറിന് 2023 ജനുവരി ഒന്നിന് വില വര്‍ധിപ്പിച്ചിരുന്നു. 1748-ല്‍നിന്ന് 1773 രൂപയായാണ് വര്‍ധിപ്പിച്ചിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടുന്നതിനാല്‍ ഇവിടെയും വര്‍ധിപ്പിക്കുന്നു എന്ന പതിവുവാദവും ഇക്കുറി വിലപ്പോകാന്‍ ഇടയില്ല. കാരണം നിലവില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞുനില്‍ക്കുന്ന സമയമാണ്. സബ്‌സിഡി ഉണ്ടെങ്കിലും അത് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് എത്താത്ത ഈ പ്രത്യേക സാഹചര്യത്തില്‍ മറ്റൊരു ചോദ്യം കൂടിയുണ്ട്, എന്തിനിത് ചെയ്തു?
2014 മേയ് 26-നാണ് ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. അക്കൊല്ലം മാര്‍ച്ചില്‍ 410 രൂപയായിരുന്നു 14.2 കിലോയുടെ ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വില. എന്നാല്‍ മാര്‍ച്ച് ഒന്നിലെ വിലവര്‍ധനയ്ക്കു പിന്നാലെ ഇത് 1,103 രൂപയായി. ഒന്‍പതുകൊല്ലം കൊണ്ട് ഉണ്ടായത് എഴുന്നൂറോളം രൂപയുടെ വര്‍ധന. ഗാര്‍ഹിക സിലിണ്ടറിനുള്ള സബ്‌സിഡി, ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വഴി നല്‍കാനുള്ള യു.പി.എ. സര്‍ക്കാരിന്റെ പദ്ധതി പുനരാവഷ്‌കരിക്കുകയും അതിന്റെ ആദ്യഘട്ടം 54 ജില്ലകളില്‍ 2014 നവംബര്‍ പതിനഞ്ചിന് ആരംഭിക്കുകയും ചെയ്തിരുന്നു. 2015-ല്‍ ഇത് രാജ്യവ്യാപകമാക്കുകയും ചെയ്തു. എന്നാല്‍ ഈ സബ്‌സിഡി വിതരണം ഇപ്പോള്‍ ഇപ്പോള്‍ നിര്‍ത്തി.
എല്‍.പി.ജിയുടെ വില
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില, നികുതികള്‍, ഡീലര്‍ കമ്മീഷന്‍, ഡോളറിനെതിരേയുള്ള രൂപയുടെ നില, ബോട്ടിലിങ് ഉള്‍പ്പെടെയുള്ള മറ്റ് ചെലവുകള്‍ എന്നിവ ചേര്‍ന്നാണ് പാചകവാതക സിലിണ്ടറിന്റെ വില നിശ്ചയിക്കുന്ന ഘടകങ്ങള്‍. ഇംപോര്‍ട്ട് പാരിറ്റി പ്രൈസ് അഥവാ ഐ.പി.പി. അനുസരിച്ചാണ് വില കണക്കാക്കുന്നത്. ആകെ വിലയുടെ 90 ശതമാനവും എല്‍.പി.ജിയ്ക്കാണ്. സിലിണ്ടറിന്റെ ചില്ലറ വിലയുടെ 10 ശതമാനത്തോളം മാത്രമാണ് മറ്റ് ഘടകങ്ങള്‍ ഉള്‍പ്പെടുന്നത്.
2022-ല്‍ ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത് നാലു തവണയായിരുന്നു. ജനുവരി മാസത്തില്‍ 906.50 ആയിരുന്ന വില മാര്‍ച്ച് 22-ന് അന്‍പതു രൂപ കൂടി 956.50-ത്തില്‍ എത്തി. രണ്ടുമാസത്തിനു ശേഷം മേയ് ഏഴിന് അത് 1006.50 ആയി. പിന്നീട് വര്‍ധനയുണ്ടാകുന്നത് ജൂലൈ മാസത്തിലാണ്. ജൂലൈ ആറിന് വില 1060-ല്‍ എത്തി. 2023 ജനുവരിയിലും ഫെബ്രുവരിയിലും വില കൂടിയില്ലെങ്കിലും മാര്‍ച്ച് ഒന്നാം തീയതി ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വില 1110-രൂപയായി കുതിച്ചുയര്‍ന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ഈ വിലവര്‍ധന എന്നതും ശ്രദ്ധേയമാണ്.
റഷ്യയില്‍നിന്നെത്തുന്ന ക്രൂഡ് ഓയില്‍
ലോകത്തെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. പ്രധാനമായും മധ്യേഷ്യന്‍ രാജ്യങ്ങളില്‍നിന്നായിരുന്നു ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ റഷ്യ-യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ കഥ മാറി. 2021 ഫെബ്രുവരി 24-നാണ് യുക്രൈനെതിരേ റഷ്യ യുദ്ധം പ്രഖ്യാപിച്ചത്. ഇതിന് തൊട്ടുപിന്നാലെ ആഗോള വിപണയില്‍ എണ്ണവില കുതിച്ചുയര്‍ന്നു.
എന്നിരുന്നാലും പൊതുമേഖല എണ്ണക്കമ്പനികളായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ തുടങ്ങിയവ പെട്രോള്‍, ഡീസല്‍, ഗാര്‍ഹിക എല്‍.പി.ജി. തുടങ്ങിയവയുടെ പതിവ് വിലവര്‍ധന തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. ആഗോളതലത്തില്‍നിന്ന് വ്യത്യസ്തമായി കുറഞ്ഞ വിലയ്ക്ക് ഇവ വിറ്റത് പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് വലിയ നഷ്ടം വരുത്തി. തുടര്‍ന്ന് പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് നേരിടേണ്ടിവന്ന നഷ്ടം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 2022 ഒക്ടോബറില്‍ വണ്‍ ടൈം സ്‌പെഷല്‍ ഗ്രാന്റ് എന്ന നിലയ്ക്ക് കേന്ദ്രം 22,000 കോടിരൂപ ഈ കമ്പനികള്‍ക്ക് നല്‍കിയിരുന്നു.
എന്നാല്‍, റഷ്യ-യുക്രൈന്‍ യുദ്ധം നീണ്ടതിന് പിന്നാലെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും മോസ്‌കോയ്‌ക്കെതിരേ ഉപരോധം പ്രഖ്യാപിച്ചു. റഷ്യയുടെ പ്രധാന വരുമാനമാര്‍ഗങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഇതോടെ റഷ്യന്‍ ക്രൂഡ് ഓയിലിന്റെ വിപണി പ്രതിസന്ധി നേരിട്ടു. എന്നാല്‍ സ്വന്തം ഊര്‍ജാവശ്യങ്ങള്‍ പരിഹരിക്കാന്‍ എവിടെനിന്നും, റഷ്യയില്‍നിന്ന് ഉള്‍പ്പെടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുമെന്നായിരുന്നു ഇന്ത്യന്‍ നിലപാട്. മാത്രമല്ല, ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യ വിലയില്‍ ഇളവു വരുത്തിയതും ഇന്ത്യക്ക് ഗുണകരമായി. അതോടെ റഷ്യ-യുക്രൈന്‍ യുദ്ധത്തിന് മുന്‍പ്, ഒരു ശതമാനത്തില്‍ താഴെയായിരുന്നു റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി. എന്നാല്‍ ഇപ്പോള്‍ ഇത് 28 ശതമാനത്തോളമായി വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ വലിയ അളവില്‍, കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ ലഭ്യമായിട്ടും പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത് സാധാരണക്കാരന്റെ വീട്ടകങ്ങളെ ബുദ്ധിമുട്ടിലാക്കുക തന്നെ ചെയ്യും.
മോദിയുടെ ഹോളി സമ്മാനമെന്ന് കോണ്‍ഗ്രസ്
പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധനയ്‌ക്കെതിരേ അതിരൂക്ഷ പ്രതികരണമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുയര്‍ന്നത്. ഹോളിയ്ക്ക് ഏഴു ദിവസം മുന്‍പേ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് നല്‍കിയ സമ്മാനമാണ് പാചകവാതക വിലവര്‍ധനയെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പരിഹസിച്ചു. 2014-ന് മുന്‍പ് (യു.പി.എ. ഭരണകാലത്ത്) അഞ്ഞൂറു രൂപയ്ക്ക് താഴെയായിരുന്ന ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വില എങ്ങനെ ഇപ്പോള്‍ 1100-ന് മുകളില്‍ എത്തിയെന്നും ഗൗരവ് ആരാഞ്ഞു. യു.പി.എ. അധികാരത്തിലിരുന്ന പത്തുകൊല്ലം ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 2,14,474 കോടിരൂപ സബ്‌സിഡി ഇനത്തില്‍ നല്‍കിയിരുന്നു. അതിനാലാണ് വില അഞ്ഞൂറിനു മുകളില്‍ പോകാതിരുന്നത്. എന്നാല്‍ മോദി സര്‍ക്കാരിന്റെ കഴിഞ്ഞ ഒന്‍പതു വര്‍ഷകാലയളവില്‍ ഈ സബ്‌സിഡി 36,598 കോടിരൂപയാണെന്നും ഗൗരവ് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ജനദ്രോഹ നടപടികളുമായി കേന്ദ്രം വീണ്ടുമെത്തിയെന്ന് കെ.എന്‍. ബാലഗോപാല്‍
വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതിന് പിന്നാലെ ജനദ്രോഹ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചു. പാചകവാതക വിലവര്‍ധന സാധാരണക്കാരന്റെ ജീവിതത്തിന്റെ താളം തെറ്റിക്കുമെന്നും ഹോട്ടലുകളില്‍ വിലക്കയറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്യാസ് സബ്‌സിഡി നല്‍കുന്നത് രണ്ട് വര്‍ഷത്തിലധികമായി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രതിവര്‍ഷം രണ്ടായിരത്തിലധികം കോടി രൂപയുടെ അധിക ഭാരമാണ് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇതിലൂടെ ഉണ്ടാകുന്നത്. ഇതിനുപുറമേയാണ് വില വര്‍ദ്ധനവിലൂടെയുള്ള ഇരുട്ടടി.
ഒരു വര്‍ഷം 10 സിലിണ്ടറുകള്‍ ഉപയോഗിക്കുന്ന ഒരു കുടുംബത്തിന് സബ്‌സിഡി നിര്‍ത്തലാക്കിയതിലൂടെയും ഗ്യാസ് വിലവര്‍ദ്ധനവിലൂടെയും ഏകദേശം 5000 രൂപയുടെ അധികഭാരം വര്‍ഷം തോറും ഉണ്ടാവുകയാണ്. ഇതിനെതിരെ കേരളത്തിലെ പ്രതിപക്ഷം ഒരക്ഷരവും പറയാന്‍ സാധ്യതയില്ല. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനായുള്ള സീഡ് ഫണ്ടിലേക്ക് 2 രൂപ പെട്രോള്‍ ഡീസല്‍ സെസ്സ് വകയിരുത്തിയാല്‍ സമരവും കലാപവും അഴിച്ചുവിടുന്ന യു.ഡി.എഫ് നേതൃത്വം കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്ക് മുന്നില്‍ വിനീതവിധേയരാണ്. സംഘപരിവാര്‍-യു.ഡി.എഫ് ബാന്ധവത്തിന്റെ പരസ്യമായ തെളിവാണത്,എന്നും ബാലഗോപാല്‍ ആരോപിച്ചിരുന്നു.
ഗ്യാസ് വില കൂടുമ്പോള്‍ ‘ഗ്യാസ് പോകുന്ന’ പൊതുജനം
കുത്തനെയുള്ള പാചകവാതക സിലിണ്ടര്‍ വിലവര്‍ധന സാധാരണക്കാരന്റെ നടുവൊടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വീട്ടുചെലവുകള്‍ വര്‍ധിക്കുകയും കുടുംബ ബജറ്റ് ഉറപ്പായും താളംതെറ്റുകയും ചെയ്യും. കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍നിന്ന് പുറത്തെത്തുന്ന സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഇത്തരം ഇരുട്ടടികള്‍ വീണ്ടും വലിയ പ്രതിസന്ധിയിലേക്കാണ് എത്തിക്കുക. മുന്‍പൊക്കെ ഗ്യാസ് വില വര്‍ധിക്കുമ്പോള്‍ പ്രതിഷേധവുമായി ഇറങ്ങാന്‍ ബി.ജെ.പി. നേതാക്കള്‍ മുന്‍നിരയിലുണ്ടായിരുന്നു. ഇപ്പോഴത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും മറ്റും പ്രതിഷേധം വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇവരെല്ലാവരും സൗകര്യപൂര്‍വമുള്ള മൗനത്തിലാണ്. അത് കാണുമ്പോള്‍, പാചകത്തിനിടെ ഗ്യാസ് തീര്‍ന്നുപോകുമ്പോള്‍ പറഞ്ഞുപോകുന്നതാണ് ഓര്‍മ വരിക… ഹോ.. കഷ്ടം..!