ഭീഷണിയായി പുതിയ വൈറസ്; മാസ്‌കിടാൻ മറക്കരുത്, രോഗം മൂർച്ഛിച്ച് ഐ സി യുവിൽ വരെയെത്തും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ?

0
452

ന്യൂഡൽഹി: കൊവിഡ് 19ൽ നിന്ന് രാജ്യം മുക്തി നേടുന്നതിനിടെ ആശങ്കയായി എച്ച് 3 എൻ 2 വൈറസ്. രാജ്യത്തുടനീളം നിന്ന് ആയിരക്കണക്കിന് എച്ച് 3 എൻ 2 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇൻഫ്ളുവൻസ എ സബ്‌ടൈപ്പ് എച്ച് 3 എൻ 2 വൈറസ് മൂന്നാഴ്ച വരെ നീണ്ടുനിൽക്കുന്ന ചുമയ്ക്ക് കാരണമാകും.

മറ്റ് ഫ്ളൂ സബ്‌ടൈപ്പുകളെക്കാളും ആശുപത്രി വാസത്തിന് ഇടയാക്കുന്നതാണ് എച്ച് 3 എൻ2 എന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് മുന്നറിയിപ്പ് നൽകുന്നു. എച്ച് 3 എൻ 2 ബാധിക്കുന്നവരിൽ 92 ശതമാനം പേർക്ക് പനി ഉണ്ടാകുന്നു. 86 ശതമാനം പേർക്ക് ചുമ, 27 ശതമാനം പേർക്ക് ശ്വാസതടസം, 16 ശതമാനം പേർക്ക് തുമ്മൽ, 16 ശതമാനം പേർക്ക് ന്യുമോണിയ, ആറ് ശതമാനം പേർക്ക് അപസ്‌മാരം എന്നിവയ്ക്ക് എച്ച് 3 എൻ 2 കാരണമാകുന്നുവെന്നും ഐ സി എം ആർ വ്യക്തമാക്കുന്നു. കൂടാതെ പത്ത് ശതമാനം പേരിൽ കടുത്ത ശ്വാസകോശ അണുബാധ ഉണ്ടാക്കുകയും ഏഴ് ശതമാനം പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടാനും ഇടയാക്കുന്നു.

അതേസമയം, പനി പകർച്ചയുമായി ബന്ധപ്പെട്ട് ആളുകൾ ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ധാരാളമായി ആന്റിബയോടിക് മരുന്ന് കഴിക്കുന്നുണ്ടെന്നും ഇത് ആന്റിബയോടിക് പ്രതിരോധത്തിന് കാരണമാകുമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറയുന്നു. ഇത്തരം പ്രവണതകൾ നിയന്ത്രിച്ചില്ലെങ്കിൽ യഥാർത്ഥ രോഗത്തിന് ആന്റിബയോടിക് മരുന്ന് കഴിക്കുമ്പോൾ ഫലം ലഭിക്കില്ലെന്നും ഐ എം എ മുന്നറിയിപ്പ് നൽകുന്നു.

15 വയസിന് താഴെയുള്ളവരെയും 50 വയസിന് മുകളിലുള്ളവരെയുമാണ് എച്ച്3 എൻ 2 കൂടുതലായും ബാധിക്കുന്നത്.

ലക്ഷണങ്ങൾ

പനി, വിറയൽ, ചുമ, തലകറക്കം, ഛർദ്ദി, തൊണ്ടവേദന, ശരീരവേദന, വയറിളക്കം, മൂക്കൊലിപ്പ്, തുമ്മൽ

ഇത്തരം കാര്യങ്ങൾ ചെയ്യരുത്

ഷേക്ക് ഹാൻഡ്, ആലിംഗനം എന്നിവ ഒഴിവാക്കുക

പൊതുയിടങ്ങളിൽ തുപ്പരുത്

സ്വയംചികിത്സ പാടില്ല

ആൾക്കൂട്ടത്തിനിടയിലിരുന്ന് ഭക്ഷണം കഴിക്കരുത്

ഇക്കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കണം

സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്‌ക്കിടെ കൈകൾ കഴുകണം

മാസ്‌ക് ധരിക്കണം

ആൾക്കൂട്ടങ്ങൾക്കിടയിൽ നിന്നും പരമാവധി ഒഴിയുക

മൂക്കും വായും ഇടയ്ക്കിടെ സ്പർശിക്കാതിരിക്കുക

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ പൊത്തിപ്പിടിക്കുക

എപ്പോഴും വെള്ളം കുടിക്കുക

ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്ന് കഴിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here