ഓസ്‌കറും നേടി ‘നാട്ടു നാട്ടു’; രാജ്യത്തിന് ഇത് അഭിമാന നിമിഷം

0
278

ഓസ്‌കര്‍ പുരസ്‌കാരവും സ്വന്തമാക്കി ആര്‍ആര്‍ആര്‍ ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനം. 95-ാമത് ഓസ്‌കര്‍ വേദിയില്‍ രാജ്യത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് ഗാനം. ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കീരവാണിയും ചന്ദ്രബോസും ഓസ്‌കര്‍ ഏറ്റുവാങ്ങി.

കീരവാണി സംഗീതം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസാണ്. എ.ആര്‍ റഹ്മാന്റെ നേട്ടത്തിന് ശേഷം ആദ്യമായാണ് മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം ഇന്ത്യയിലേക്ക് എത്തുന്നത്.

മിറ്റ്സ്‌കി, ഡേവിഡ് ബൈര്‍ണ്‍ എന്നിവരുടെ ‘ദിസ് ഈസ് ലൈഫ്’, റിഹാന, ടെംസ് എന്നിവര്‍ ആലപിച്ച ‘ലിഫ്റ്റ് മി അപ്പ്’, ലേഡി ഗാഗയുടെ ‘ഹോള്‍ഡ് മൈ ഹാന്‍ഡ്’, ഡയാന വാരന്റെ ‘അപ്ലോസ്’ എന്നിവയായിരുന്നു നാമനിര്‍ദേശത്തിലുള്ള മറ്റു ഗാനങ്ങള്‍.

ഇന്ത്യയ്ക്ക് ഓസ്‌കറില്‍ ഇത്തവണ ഇരട്ടി തിളക്കമാണ്. ‘ദ എലിഫന്റ് വിസ്പറേഴ്സ്’ ആണ് മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം നേടിയിരിക്കുന്നത്. അതേസമയം, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര നേട്ടത്തിന് പിന്നാലെയാണ് സിനിമ ഓസ്‌കര്‍ നാമനിര്‍ദേശം നേടിയത്. ക്രിട്ടിക്സ് അവാർഡ്സിലും നാട്ടു നാട്ടു ഗാനവും ആർആർആറും പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു.

രാം ചരണും ജൂനിയര്‍ എന്‍ടിആറുമാണ് ആര്‍ആര്‍ആറില്‍ മുഖ്യ കഥാപാത്രങ്ങളായി എത്തിയത്. ജയ് ദേവ്ഗണ്‍, ഒലീവിയ മോറിസ്, ആലിയ ഭട്ട്, സമുദ്രക്കനി, അലിസണ്‍ ഡൂഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here