ലീഗിന് ഇനി ലക്ഷ്യം പദ്ധതികൾ പ്രാവർത്തികമാക്കൽ

0
209

ചെന്നൈ ∙ ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം ആഘോഷമായി, ആവേശകരവും. ഇനി മുസ്‌ലിം ലീഗ് അണികൾ കാത്തിരിക്കുന്നതു പാർട്ടിയുടെ കർമപദ്ധതി പ്രാവർത്തികമാക്കുന്നതിലേക്ക്. രാജ്യത്തെ പരമാവധി ന്യൂനപക്ഷ വോട്ടുകൾ മതനിരപേക്ഷ ചേരിക്കൊപ്പം നിർത്തുകയെന്നതാണ് ലീഗിന്റെ ലക്ഷ്യം. അതാണു കർമപദ്ധതിയുടെ സത്ത.

പരമാവധി സംസ്ഥാനങ്ങളിൽ മതനിരപേക്ഷ സഖ്യത്തിന്റെ ഭാഗമാകുന്നതുവഴി ദേശീയതലത്തിൽ സാന്നിധ്യമുള്ള പാർട്ടിയാകാമെന്നും കണക്കുകൂട്ടുന്നു. നവംബറിൽ ഡൽഹിയിൽ വിളിച്ചുചേർക്കുന്ന മതനിരപേക്ഷ പാർട്ടികളുടെ സംഗമം ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ്.

നേരത്തേ ബംഗാളിലും ബിഹാറിലും കർണാടകയിലും ഡൽഹിയിലുമെല്ലാം ജനപ്രതിനിധികളുണ്ടായിരുന്ന പാർട്ടിയാണ് ലീഗ്. കേരളത്തിൽ തുടർച്ചയായി അധികാരത്തിന്റെ ഭാഗമായപ്പോഴുണ്ടായ കേരള കേന്ദ്രീകരണം മറ്റു സംസ്ഥാനങ്ങളിലെ വളർച്ച മുരടിപ്പിച്ചെന്ന സ്വയം വിമർശനം പാർട്ടിക്കുള്ളിലുണ്ട്.

ദേശീയതലത്തിൽ ജനപിന്തുണയുള്ള നേതാക്കളുടെ അഭാവവുമുണ്ട്. ആശയങ്ങളുമായി യോജിപ്പുള്ള നേതാക്കളെ പാർട്ടിയിലെത്തിക്കുന്നതും കർമപദ്ധതിയുടെ ഭാഗമാണ്. ന്യൂഡൽഹിയിൽ ആസ്ഥാന മന്ദിരമെന്ന തീരുമാനം ലീഗ് പല തവണയെടുത്തതാണ്. കർമപദ്ധതിയിലെ പ്രധാന തീരുമാനങ്ങളിലൊന്നാണത്. മതനിരപേക്ഷ പാർട്ടികളുടെ സംഗമത്തിനു മുൻപ് ആസ്ഥാന മന്ദിരം യാഥാർഥ്യമാക്കാനാണു ശ്രമം.

ഏഴരപ്പതിറ്റാണ്ട് മുൻപത്തെ രൂപീകരണ യോഗം പുനരാവിഷ്കരിച്ചാണു ലീഗ് നേതാക്കളും പ്രവർത്തകരും ചെന്നൈയിൽനിന്നു മടങ്ങുന്നത്. ദേശീയതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള തീരുമാനമെടുത്ത് പിരിയുമ്പോൾ 1966 ആവർത്തിക്കണേയെന്ന് അവർ പ്രാർഥിക്കുന്നുണ്ടാകും. 1966 ചെന്നൈ ദേശീയ കൗൺസിൽ യോഗം ലീഗ് ചരിത്രത്തിലെ നാഴികക്കല്ലാണ്. അതുവരെ കോൺഗ്രസുമായി ചേർന്നുമാത്രം തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്ന പാർട്ടി, നിലപാടുകളോട് യോജിപ്പുള്ള കക്ഷികളുമായി സഖ്യമാകാമെന്നു തീരുമാനിച്ചത് ആ യോഗത്തിലാണ്.

ഒരു വർഷത്തിനകം തന്നെ മാറ്റങ്ങളുണ്ടായി. കേരളത്തിൽ സപ്തകക്ഷി മുന്നണിയുടെ ഭാഗമായ ലീഗ് ആദ്യമായി മന്ത്രിസഭയിൽ ഇടംനേടി. അരനൂറ്റാണ്ടിനിപ്പുറം രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here