ലീ​ഗിൽ ഉന്നതാധികാര സമിതി ഇനിയുണ്ടാവില്ല; പകരം 26 അം​ഗ സംസ്ഥാന സെക്രട്ടറിയേറ്റ്

0
177

കോഴിക്കോട്: മുസ്ലിം ലീ​ഗിൽ ഇനി മുതൽ ഉന്നാതാധികാര സമിതി ഉണ്ടാകില്ല. പകരം 26 അംഗ സംസ്ഥാന സെക്രട്ടറിയേറ്റ് നിലവിൽ വരും. അതില്‍ ഏഴ് അംഗങ്ങള്‍ സ്ഥിരം ക്ഷണിതാക്കളായിരിക്കും. നേരത്തെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പേര് ഉയര്‍ന്ന് വന്ന എംകെ മുനീര്‍ 26 അംഗ സെക്രട്ടറിയേറ്റിലെ അംഗമായി മാറും.

കൂടാതെ 19 അംഗ സംസ്ഥാന ഭാരവാഹികളടങ്ങിയ സമിതിയും, 75 അം​ഗ പ്രവര്‍ത്തക സമിതിയും 485 അംഗങ്ങളടങ്ങിയ സംസ്ഥാന കൗണ്‍സിലും നിലവിൽ വരും. ഇന്ന് ചേർന്ന മുസ്ലിം ലീ​ഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

മുസ്ലിം ലീ​ഗ് സംസ്ഥാന പ്രസിഡന്റ് ആയി സാദിഖ് അലി ശിഹാബ് തങ്ങൾ തുടരും. വൈസ് പ്രസിഡന്റായി വി ​കെ ഇബ്രാഹിംകുഞ്ഞ് അടക്കം പത്ത് പേരെ തെരഞ്ഞെടുത്തു. പത്ത് വൈസ് പ്രസിഡന്റുമാര്‍, 11 സെക്രട്ടറിമാര്‍, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, സംസ്ഥാന പ്രസിഡന്റ് അടക്കം 24 ഭാരവാഹികളായിരിക്കും സംസ്ഥാന ഭാരവാഹികളായി ഉണ്ടായിരിക്കുക.

അഹമ്മദ്കുട്ടി ഉണ്ണിക്കുളം, അഡ്വ.റഹ്‌മത്തുളള, സുഹറ മമ്പാട്, അഡ്വ. കുൽസു, അഡ്വ. നൂർബീന റഷീദ്‌, പി കെ ഫിറോസ്, പി കെ നവാസ് എന്നിവരാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെ സ്ഥിരം ക്ഷണിതാക്കൾ.

സംസ്ഥാന സെക്രട്ടറിയേറ്റിൽ സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, പി വി അബ്ദുൽവഹാബ്, അബ്ദുസമദ്‌ സമദാനി, കെ പി എ മജീദ്, വി കെ ഇബ്രാഹിംകുഞ്ഞ്, എം കെ മുനീർ, മുനവ്വറലി ശിഹാബ് തങ്ങൾ, പി കെ അബ്ദുറബ്ബ്, കുട്ടി അഹമ്മദ്കുട്ടി, എൻ എ നെല്ലിക്കുന്ന്, പി കെ ബഷീർ തുടങ്ങിയവർ ഉൾപ്പെടുന്നു.

സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് പിഎംഎ സലാം തന്നെ തുടരനാണ് തീരുമാനം. വൈസ് പ്രസിഡന്റുമാരായി വികെ ഇബ്രാഹം, മായിന്‍ ഹാജി എന്നിവരെയും ട്രഷററായി സിടി അഹമ്മദലിയെയും തെരഞ്ഞെടുത്തു. പികെ കുഞ്ഞാലിക്കുട്ടി പിഎംഎ സലാമിനായി ഉറച്ച് നിന്നതോടെ സാദിഖലി തങ്ങളും ഒപ്പം നില്‍ക്കുകയായിരുന്നു. നേതൃത്വത്തെ നയിക്കാന്‍ ഇപ്പോള്‍ ഉചിതം പിഎംഎ സലാം തന്നെയാണ് എന്ന അന്തിമ തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

അവസാനഘട്ടം വരേയും എം കെ മുനീറിന് വേണ്ടി കെഎം ഷാജി, ഇ ടി മുഹമ്മദ് ബഷീര്‍, കെപിഎ മജീദ്, പിവി അബ്ദുള്‍ വഹാബ് അടക്കമുള്ളവര്‍ ഉറച്ച് നിന്നിരുന്നു. നേതാക്കള്‍ അവസാന മിനുട്ട് വരേയും വീട്ടുവീഴ്ച്ചക്ക് തയ്യാറാവാതിരുന്നത് യോഗത്തില്‍ പ്രതിസന്ധിക്കിടയാക്കിയിരുന്നു. പിന്നീട് തീരുമാനം സാദിഖലി തങ്ങള്‍ക്ക് വിടുകയായിരുന്നു. തീരുമാനത്തില്‍ മുനീർ വിഭാഗത്തിന് കടുത്ത നിരാശയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here