റൊണാള്‍ഡോയുടെ ഗോളാഘോഷം അനുകരിക്കുന്നത് എപ്പോഴൊക്കെ?, ആ രഹസ്യം വെളിപ്പെടുത്തി മുഹമ്മദ് സിറാജ്-വീഡിയോ

0
192

മുംബൈ: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഓസ്ട്രേലിയക്ക് തുടക്കത്തിലെ ഓപ്പണര്‍ ട്രാവിസ് ഹെഡിന്‍റെ വിക്കറ്റ് നഷ്ടമായി. തന്‍റെ ആദ്യ ഓവറിലെ അവസാന പന്തില്‍ ഹെഡിനെ ബൗള്‍ഡാക്കി മുഹമ്മദ് സിറാജാണ് ഓസ്ട്രേലിയക്ക് ആദ്യ തിരിച്ചടി നല്‍കിയത്. വിക്കറ്റെടുത്തശേഷം സിറാജ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ഗോളാഘോഷം അനുകരിച്ച് ഉയര്‍ന്നു ചാടി വിക്കറ്റ് ആഘോഷിക്കുകയും ചെയ്തത്.

പിന്നീട് രണ്ട് വിക്കറ്റ് കൂടി നേടിയപ്പോള്‍ സിറാജ് റൊണാള്‍ഡോയുടെ ഗോളാഘോഷം പുറത്തെടുത്തതുമില്ല. മത്സരശേഷം സഹതാരം മുഹമ്മദ് ഷമിയുമായി സംസാരിക്കവെ എപ്പോഴൊക്കെയാണ് താന്‍ റൊണാള്‍ഡോയുടെ ഗോളാഘോഷം അനുകരിക്കാറുള്ളത് എന്ന് വ്യക്തമാക്കി.

എനിക്ക് താങ്കളോട് ചോദിക്കാനുള്ളത് ട്രാവിസ് ഹെഡിന്‍റെ വിക്കറ്റെടുത്തശേഷം ഉയര്‍ന്നു ചാടി നടത്തിയ വിക്കറ്റ് ആഘോഷത്തെക്കുറിച്ചാണ്. എന്താണ് അതിന് പിന്നിലെ കാരണമെന്ന് ഷമി ചോദിച്ചു. എന്നാല്‍ താന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ കടുത്ത ആരാധകനാണെന്നും അദ്ദേഹത്തെപോലെ ആഘോഷിക്കുന്നതില്‍ സന്തോഷിക്കുന്നുവെന്നും പറഞ്ഞ സിറാജ് എല്ലായ്പ്പോഴും താന്‍ അങ്ങനെ ആഘോഷിക്കാറില്ലെന്നും ബാറ്ററെ ബൗള്‍ഡാക്കിയാല്‍ മാത്രമെ അത്തരം ആഘോഷം നടത്താറുള്ളൂവെന്നും വ്യക്തമാക്കി.

എന്നാല്‍ നീയൊരു പേസ് ബൗളറായതുകൊണ്ട് ഉയര്‍ന്നു ചാടുന്നതൊക്കെ സൂക്ഷിച്ചുവേണമെന്നും പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നും ഷമി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ട്രാവിസ് ഹെഡിന് പുറമെ ഷോണ്‍ ആബട്ടിന്‍റെയും ആദം സാംപയുടെയും വിക്കറ്റുകള്‍ കൂടി വീഴ്ത്തിയ സിറാജ് 5.4 ഓവറില്‍ 29 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റെടുത്തത്. ഷമിയാകട്ടെ ആറോവറില്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here