സഭയിലെ സംഘര്‍ഷക്കേസ്: സര്‍ക്കാരിന് തിരിച്ചടി, വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കൈയുടെ എല്ല് പൊട്ടിയിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

0
165

തിരുവനന്തപുരം: നിയമസഭയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിന് തിരിച്ചടി. വാച്ച് ആന്‍ഡ് വാര്‍ഡ് അംഗത്തിന്റെ കൈയിലെ എല്ല് പൊട്ടിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. എല്ല് പൊട്ടിയെന്നു പറഞ്ഞാണ് പ്രതിപക്ഷ എം.എല്‍.എ.മാര്‍ക്കെതിരേ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്. എന്നാല്‍ ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷം പിന്നീട് ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കാനാണ് നീക്കം.

ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനം പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നേരത്തേ അവസാനിപ്പിച്ചിരുന്നു. സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ഓഫീസിനു മുന്നില്‍ പ്രതിപക്ഷം ബഹളം വെച്ചതോടെ വാച്ച് ആന്‍ഡ് വാര്‍ഡ് വന്നു തടയുകയും തുടര്‍ന്ന് കൈയാങ്കളിയുമുണ്ടായി. ഇതുമായി ബന്ധപ്പെട്ടാണ് വിവിധ കേസുകള്‍ മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്തത്. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പരാതിയില്‍ പ്രതിപക്ഷ എം.എല്‍.എ.മാര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തിരുന്നു. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കൈ തല്ലിയൊടിച്ചു എന്നതായിരുന്നു പരാതി.

എന്നാല്‍ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കൈയില്‍ പൊട്ടലില്ല എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതോടെ സര്‍ക്കാര്‍ പരുങ്ങലിലായി. ജാമ്യമില്ലാ വകുപ്പ് ഇനി നിലനില്‍ക്കില്ല എന്നുമാത്രമല്ല, കേസ് കോടതിയിലെത്തുമ്പോള്‍ അത് രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കും. ഡോക്ടര്‍മാരുടെ അഭിപ്രായങ്ങള്‍ തേടിയ ശേഷം ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി എഫ്.ഐ.ആര്‍. പുതുക്കി നല്‍കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here