എന്നാലും എന്തൊരു ആത്മാര്‍ത്ഥത; ആ ചേട്ടന്‍റെ ഫീല്‍ഡിംഗിന് കൊടുക്കണം കൈയടി; ഇന്ത്യന്‍ ജോണ്ടിയെന്ന് ആരാധകര്‍

0
221

മുംബൈ: കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലെല്ലാം വൈറലായ ഒരു വീഡിയോ ഉണ്ട്. ടെന്നീസ് ബോള്‍ ക്രിക്കറ്റ് മത്സരത്തില്‍ ലെഗ് ബൈ ആയി ബൗണ്ടറിയിലക്ക് പോകുന്ന പന്ത് ഫീല്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്ന ഷോര്‍ട്ട് തേര്‍ഡ് മാനില്‍ നില്‍ക്കുന്ന മധ്യവയസ്കനായ ഒരു ചേട്ടന്‍. കഷ്ടപ്പെട്ട് ഓടി പന്ത് പിടിച്ച് ത്രോ ചെയ്യുന്നതിനിടെ ചേട്ടന്‍ വീണു പോയി. എന്നിട്ടും വീണിടത്തു കിടന്ന് പന്ത് ത്രോ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ആ പന്ത് സ്വന്തം കാലിലെ ഷൂസില്‍ തട്ടി തന്നെ ബൗണ്ടറി കടന്നു.

മുംബൈ ഇന്ത്യന്‍സ് അടക്കം ഈ വീഡിയോ അവരുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തു. പലരും കളിയാക്കുമ്പോഴും പന്ത് പിടിക്കാന്‍ ശ്രമിച്ച ചേട്ടന്‍റെ അര്‍പ്പണബോധത്തെയും ആത്മാര്‍ത്ഥതയെയും അഭിനന്ദിച്ചാണ് മുംബൈ ഇന്ത്യന്‍സ് ഈ വീഡിയോ പങ്കുവെച്ചത്.

ട്വിറ്ററിലാണ് ഈ വിഡിയോ ആദ്യം പ്രചരിച്ചത്. വീഡീയോയില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് 40 വയസിന് മുകളില്‍ പ്രായമുള്ളവരുടെ ടെന്നീസ് ബോള്‍ ക്രിക്കറ്റ് മത്സരത്തിലാണ് രസകരമായ ഈ സംഭവം നടന്നത്. റോഡ്പാലി-പാഡ്ജ് ടീമുകള്‍ തമ്മിലായിരുന്നു മത്സരമെന്നും വീഡിയോയിലെ സ്കോര്‍ ബോര്‍ഡില്‍ നോക്കിയാല്‍ മനസിലാവും. അമിത് എന്ന ബാറ്ററുടെ ദേഹത്ത് കൊണ്ട് തേര്‍മാന്‍ ബൗണ്ടറിയിലേക്ക് പോയ പന്താണ് ചേട്ടന്‍ ഫീല്‍ഡ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെടുന്നത്.

സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ ആരാധകരില്‍ പലരും ആ ചേട്ടന്‍റെ ഫീല്‍ഡിംഗിനെ ഇതിഹാസ ഫീല്‍ഡര്‍ ജോണ്ടി റോഡ്സിനോടാണ് ഉപമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here