‘ഇതുപോലൊരു വിവാഹക്കഥ വേറെ കേട്ടുകാണില്ല’; അപൂര്‍വസംഭവം ശ്രദ്ധേയമാകുന്നു

0
411

ഓരോ ദിവസവും വ്യത്യസ്തമായതും നമ്മളില്‍ കൗതുകം നിറയ്ക്കുന്നതുമായ എത്രയോ വാര്‍ത്തകള്‍ നാം കാണുകയും കേള്‍ക്കുകയും വായിച്ചറിയുകയും ചെയ്യുന്നു. ഇക്കൂട്ടത്തില്‍ രസകരമായ പല സംഭവങ്ങളും ഉള്‍പ്പെടാറുണ്ട്. അതുപോലെ തന്നെ അസാധാരണമായ സംഭവവികാസങ്ങളും വാര്‍ത്തകളില്‍ എളുപ്പത്തില്‍ ഇടം നേടുകയും ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യാറുണ്ട്.

സമാനമായ രീതിയില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ബീഹാറില്‍ നിന്നുള്ള ഒരു വിവാഹത്തെ കുറിച്ചുള്ള വാര്‍ത്ത. എന്താണ് ഈ വിവാഹത്തിന് ഇത്ര പ്രത്യേകതയെന്ന് ആരിലും സംശയം തോന്നാം.   തീര്‍ത്തും വ്യത്യസ്തമായ വിവാഹം തന്നെയാണിത്. എന്തെന്നാല്‍ ഇതിലെ വരനും വധുവും തമ്മില്‍ നേരത്തെ തന്നെ ഒരു ബന്ധമുണ്ട്. ഇദ്ദേഹത്തിന്‍റെ മുൻഭാര്യ തന്‍റെ കാമുകനൊപ്പം ഒളിച്ചോടിപ്പോയതാണ്. ഇപ്പറഞ്ഞ കാമുകന്‍റെ ഭാര്യയെ ആണ് ഇദ്ദേഹം വിവാഹം കഴിക്കുന്നത്.

അതായത് പ്രണയത്തെ തുടര്‍ന്ന് ഒളിച്ചോടിയവരുടെ പങ്കാളികള്‍ തമ്മിലുള്ള വിവാഹം! ഏറെ വ്യത്യസ്തമായ ഈ തീരുമാനത്തിന് വലിയ വാര്‍ത്താശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്. ബീഹാറിലെ കാഗരിയയിലാണ് സംഭവം.

2009ലാണ് നീരജിന്‍റെയും റൂബി ദേവിയുടെയും വിവാഹം കഴിയുന്നത്. ഇവര്‍ക്ക് നാല് മക്കളുമുണ്ട്. 2022 ഫെബ്രുവരിയില്‍ പക്ഷേ റൂബി ദേവി മുകേഷ് എന്നയാള്‍ക്കൊപ്പം ഒളിച്ചോടുകയായിരുന്നു. ശേഷം ഇവര്‍ വിവാഹം കഴിക്കുകയും ചെയ്തു. ഭാര്യയെ വിട്ടുകിട്ടാൻ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അതില്‍ തനിക്ക് അനുകൂലമായ നടപടിയൊന്നും ഉണ്ടാകാഞ്ഞതിനെ തുടര്‍ന്ന് മുകേഷിന്‍റെ ഭാര്യയെ തന്നെ വിവാഹം കഴിക്കാൻ നീരജ് തീരുമാനിക്കുകയായിരുന്നു. യാദൃശ്ചികമെന്നോണം ഇവരുടെ പേരും റൂബി എന്ന് തന്നെയാണത്രേ. ഇവര്‍ക്ക് നേരത്തെ രണ്ട് മക്കളുമുണ്ട്.

ഒരു മാസം മുമ്പാണ് നീരജിന്‍റെയും റൂബിയുടെയും വിവാഹം കഴിഞ്ഞത്. എന്നാലിപ്പോഴാണ് സംഭവം സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയാകുന്നത്. സംഭവത്തിന് ട്രോളുകളും പരിഹാസവുമെല്ലാം ലഭിക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം പേര്‍ ഇവരുടെ തീരുമാനത്തെ അനുകൂലിക്കുക തന്നെയാണ്. അതോടൊപ്പം തന്നെ ബന്ധങ്ങളിലെ വിള്ളലുകള്‍ കുട്ടികളെ ബാധിക്കാതിരിക്കാനാണ് ഏറെ ശ്രദ്ധിക്കേണ്ടത് എന്ന നിര്‍ദേശവും മിക്കവരും നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here