രണ്ട് ഗൾഫ് രാജ്യങ്ങളിൽ വധശിക്ഷയ്ക്ക് ഉൾപ്പടെ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരിൽ പകുതിയും മലയാളികൾ, തടവുകാരിൽ സ്ത്രീകളും

0
275

കണ്ണൂർ: വിവിധ കുറ്റങ്ങൾക്ക് കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ ജയിലുകളിൽ കഴിയുന്നത് 483 ഇന്ത്യക്കാർ. ഇതിൽ പകുതിയും മലയാളികൾ. ഇന്ത്യൻ എംബസികളിൽ നിന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരമാണിത്. കുവൈറ്റ് ജയിലിലാണ് കൂടുതൽ ഇന്ത്യക്കാരുള്ളത് പത്ത് സ്ത്രീകൾ ഉൾപ്പെടെ 428 പേർ. അതിൽ അഞ്ചുപേർ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവർ. ഒമാൻ ജയിലിൽ അഞ്ച് വനിതകൾ ഉൾപ്പെടെ 55 പേരാണുള്ളത്.

അൺസ്‌കിൽഡ് ലേബർ വിസകളിൽ എത്തിയവരാണ് ജയിലുകളിൽ കഴിയുന്നതിൽ ഏറെയും. മയക്കുമരുന്ന് ഇടപാട്, സാമ്പത്തിക ക്രമക്കേട്, അക്രമം തുടങ്ങി കൊലപാതകത്തിൽ ഉൾപ്പെട്ടവരും ഉണ്ട്. സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ ലഭ്യമല്ലാത്തതിനാൽ മലയാളികൾ എത്രയുണ്ടെന്ന കൃത്യമായ വിവരം ലഭ്യമല്ല.

2022 ഡിസംബറിൽ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ 8441 പേർ വിദേശ ജയിലുകളിൽ വിചാരണ നടപടികൾ ഉൾപ്പെടെ നേരിട്ട് തടവിലാണെന്ന് ലോക്സഭയിൽ അറിയിച്ചിരുന്നു. ഇതിൽ 4,389 പേർ സൗദി, ഖത്തർ,കുവൈറ്റ്, ബഹറിൻ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലാണെന്നും വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കാരുടെ മോചനത്തിനാവശ്യമായ ഇടപെടൽ നടത്തുന്നുണ്ട് എന്നാണ് എംബസി പറയുന്നത്.

ഇന്ത്യയിലെത്തിക്കാൻ വഴികളുണ്ട്

2011ൽ യു.എ.ഇയുമായി ഉണ്ടാക്കിയ ട്രാൻസ്ഫർ ഒഫ് സെന്റൻസ്ഡ് പേഴ്സൺ(ടി.എസ്.പി) കരാർ പ്രകാരം യു.എ.ഇ ജയിലുകളിൽ കഴിയുന്ന തടവുകാരെ ബാക്കി ശിക്ഷ ഇന്ത്യയിൽ അനുഭവിച്ചാൽ മതിയെന്ന വ്യവസ്ഥയിൽ കൈമാറാം. എന്നാൽ ശിക്ഷിക്കപ്പെട്ടയാളുടെ താത്പര്യം, കൈമാറ്റം ചെയ്യുന്ന രാജ്യത്തിന്റെയും സ്വീകരിക്കേണ്ട രാജ്യത്തിന്റെയും സമ്മതം എന്നിവയെ ആശ്രയിച്ചു മാത്രമേ നടപ്പിലാക്കാനാവൂ.

വിദേശകാര്യ വകുപ്പ് കാര്യക്ഷമമായ ഇടപെടൽ നടത്തിയാൽ ഗൾഫ് രാജ്യങ്ങളിൽ ജയിലിൽ കഴിയുന്ന മലയാളികളെ തിരികെ കൊണ്ടുവരാൻ സാധിക്കും.
രാജു വാഴക്കാല

വിവരാവകാശ പ്രവർത്തകൻ

LEAVE A REPLY

Please enter your comment!
Please enter your name here