കൊച്ചി / ദുബായ് ∙ വടക്കാഞ്ചേരി ലൈഫ് മിഷൻ കമ്മിഷൻ കള്ളപ്പണ ഇടപാട്, നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കള്ളപ്പണ ഇടപാട് കേസുകളിൽ പ്രവാസി വ്യവസായി എം.എ.യൂസഫലിയുടെ മൊഴി രേഖപ്പെടുത്തുന്നതു സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിയമോപദേശം തേടി.
കേസുമായി ബന്ധപ്പെട്ടു മൊഴി നൽകാൻ ഈ മാസം ഒന്നിനും 8നും ഇഡി നോട്ടിസ് നൽകിയെങ്കിലും അസൗകര്യം അറിയിച്ചിരുന്നു. മൂന്നാം തവണ വീണ്ടും നോട്ടിസ് നൽകുന്നതിനു മുന്നോടിയായാണ് നിയമോപദേശം തേടിയത്. ദേശസുരക്ഷയുമായി നേരിട്ടു ബന്ധമുള്ള കേസിൽ പ്രതികൾ ചെയ്ത കുറ്റകൃത്യങ്ങളോട് അങ്ങേയറ്റം എതിർപ്പുള്ളയാളെന്നു പ്രതികൾ തന്നെ വിശ്വസിക്കുന്ന യൂസഫലിയുടെ മൊഴികൾ കേസന്വേഷണത്തിന് ഏറെ നിർണായകമാണെന്നാണ് ഇഡിയുടെ നിലപാട്.
മൊഴിയെടുക്കാൻ ഇഡി വിളിപ്പിച്ചിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിൽ ഇതെക്കുറിച്ചുള്ള കുത്തിത്തിരിപ്പുകളെ ഭയമില്ലെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. അന്വേഷണങ്ങളിൽ സഹകരിക്കുന്നതിൽ ലുലു ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. മൊഴി ആവശ്യപ്പെട്ടാൽ നൽകും.
യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റിന്റെ 20 കോടി രൂപയുടെ സഹായം ലൈഫ് മിഷനു കൈമാറിയ പ്രതിനിധി സംഘത്തിൽ യുഎഇ ചേംബർ ഓഫ് കൊമേഴ്സ് ഉപാധ്യക്ഷൻ എന്ന നിലയിൽ യൂസഫലിയും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇഡി വിവരങ്ങൾ തേടുന്നത്.