യുഡിഎഫിലെ പ്രധാന പാര്‍ട്ടി മുസ്ലീം ലീഗാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുന്നണിയില്‍ ഒറ്റയ്ക്ക് ജയിക്കാവുന്ന പാര്‍ട്ടി ലീഗ് മാത്രമാണെന്നും, അവരുടെ പിന്തുണയില്ലാതെ മത്സരിച്ചാല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി പോലും ജയിക്കില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ജനകീയ പ്രതിരോധ ജാഥ സമാപനത്തോടനുബന്ധിച്ച് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എം വി ഗോവിന്ദന്‌റെ പരാമര്‍ശം. പാര്‍ട്ടിയില്‍ നിന്ന് വിഭാഗീയതയുടെ ഭാഗമായി പുറത്ത് പോയവരേയും വിട്ടുനില്‍ക്കുന്നവരേയും തിരിച്ചുകൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്ത് കാരണത്തിനും വിട്ടുപോയവര്‍ക്ക് തിരിച്ചുവരാം. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്ന് വരുന്നവര്‍ക്കും ആവശ്യമായ ചുമതലകള്‍ നല്‍കി ഒപ്പം നിര്‍ത്തും. ആശയപരമായി വിട്ടുപോയവര്‍ക്ക് പാര്‍ട്ടിയെന്ന നിലയിലല്ലാതെ വ്യക്തിപരമായി തിരിച്ചുവരാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
സംസ്ഥാനത്തെ മറ്റ് വിവാദങ്ങളെ കുറിച്ചും എം വി ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കി. നിയമസഭയില്‍ പ്രതിപക്ഷം നടത്തിയ സമരം വിഷയദാരിദ്ര്യത്തെ തുടര്‍ന്നുണ്ടായതാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിലയിരുത്തല്‍. വിഷയദാരിദ്ര്യവും തെറ്റായ സമരരീതിയും മഹാദ്ഭുതമായി മാധ്യങ്ങള്‍ ചിത്രീകരിച്ചെന്നും ഇത് ജനം അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരെ തടഞ്ഞതടക്കം സിപിഎം നടത്തിയ സമരങ്ങള്‍ ആയിരക്കണക്കിനാളുകളെ അണിനിരത്തിയുള്ള ജനകീയ സമരമായിരുന്നു. യുഡിഎഫിന്‌റേതാണ് ആളില്ലാത്ത സമരമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്‌റെ നയങ്ങളുടെ ബലമാണ് വിഴിഞ്ഞത്ത് പോലീസ് വെടിവയ്പ്പിലേക്ക് കാര്യങ്ങളെത്തിക്കാതിരുന്നതെന്ന് എം വി ഗോവിന്ദന്‍ വിശദീകരിക്കുന്നു. സ്റ്റേഷന്‍ ആക്രമിച്ചപ്പോള്‍ പോലീസുകാര്‍ ആത്മസംയമനം പാലിച്ചത് കേരളത്തിലായതുകൊണ്ട് മാത്രമാണ്. എല്ലാ സമരങ്ങളിലും കേരളത്തിലെ പോലീസ് എടുത്ത സമീപനം ശരിയാണെന്നും അദ്ദേഹം ന്യായീകരിച്ചു. സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ ജനം തിരഞ്ഞെടുപ്പില്‍ തള്ളിയതാണ്. തനിക്കെതിരെ ആദ്യമായി ആരോപണം ഉന്നയിച്ചതിനാലാണ് നിയമനടപടിയിലേക്ക് കടന്നതെന്നും അദ്ദേഹം വ്യക്തമാക്കി
കേന്ദ്ര നയം, ബിജെപി വിരുദ്ധ വോട്ട് ഏകോപനം തുടങ്ങിയ വിഷയങ്ങളെ കുറിച്ചും സിപിഎം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കി. ദേശീയതലത്തില്‍ മാത്രമല്ല, സംസ്ഥാനങ്ങളില്‍ പോലും കോണ്‍ഗ്രസ് ബിജെപിയെ നേരിടുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 44 സീറ്റുള്ള കോണ്‍ഗ്രസ് ദേശീയതലത്തില്‍ ബദലാകാന്‍ പുറപ്പെട്ടിട്ട് കാര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിനെ വച്ച് ദേശീയാടിസ്ഥാനത്തില്‍ മുന്നണിയുണ്ടാക്കാന്‍ പ്രാദേശിക പാര്‍ട്ടികള്‍ പോലും തയ്യാറല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ മാറിയാല്‍ മാത്രമേ സില്‍വര്‍ലൈനിന് സാധ്യതയുള്ളൂ. കേരളത്തില്‍ ഒരു വികസനവും നടക്കാന്‍ പാടില്ലെന്ന ബിജെപിയുടേയും കോണ്‍ഗ്രസിന്‌റേയും നിലപാടാണ് അതിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.