ദില്ലി: ഏകദിന ലോകകപ്പിന് ആറ് മാസം മാത്രം ബാക്കിയിരിക്കെ നടക്കുന്ന ഐപിഎല്‍ പല യുവതാരങ്ങള്‍ക്കും ഇന്ത്യന്‍ ടീമിലെത്താനുള്ള ചവിട്ടുപടിയാണ്. ഇത്തവണ ഐപിഎല്ലില്‍ അത്തരത്തിലൊരു യുവതാരത്തെ നോക്കിവെച്ചോളാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോട് പറയുകയാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലി.
ഐപിഎല്ലില്‍ ഡല്‍ഹി ഓപ്പണറായ പൃഥ്വി ഷായെ ആണ് ഇന്ത്യയുടെ ഓപ്പണറായി പരിഗണിക്കാവുന്ന താരമായി ഗാംഗുലി ചൂണ്ടിക്കാട്ടുന്നത്. ഐപിഎല്ലില്‍ ഡല്‍ഹി ടീമിന്‍റെ ഡയറക്ടര്‍ കൂടിയാണ് ഗാംഗുലി. പൃഥ്വി ഷാ ഇന്ത്യക്കായി കളിക്കാന്‍ വീണ്ടും സജ്ജനായി കഴിഞ്ഞു. എന്നാല്‍ അവന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുമോ എന്നത് സാഹചര്യങ്ങളെയും ടീം കോംബിനേഷനെയും ആശ്രയിച്ചാണിരിക്കുന്നത്. എങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സെലക്ഷന്‍ കമ്മിറ്റിയും അവനുമേല്‍ ഒരു കണ്ണുവെക്കുന്നത് നല്ലതാണ്. പൃഥ്വി ഷാ മികവുറ്റ കളിക്കാരനാണെന്നും ഇന്ത്യക്കായി കളിക്കാന്‍ സജ്ജനായി കഴിഞ്ഞുവെന്നും ഗാംഗുലി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
2021ല്‍ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ചശേഷം പൃഥ്വി ഷാ വീണ്ടും ഇന്ത്യക്കായി കളിച്ചിട്ടില്ല. ഈ വര്‍ഷം ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ എടുത്തെങ്കിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല. കരിയറില്‍ ഇതുവരെ അഞ്ച് ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള പൃഥ്വി ഷാ 339 രണ്‍സും ആറ് ഏകദിനങ്ങളില്‍ നിന്ന് 189 റണ്‍സുമാണ് നേടിയത്.
പൃഥ്വി ഷായെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണറായ മുരളി വിജയിയും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യന്‍ ടീമില്‍ 15 സൂപ്പര്‍ താരങ്ങളുണ്ട്. ഇന്ത്യക്കായി കളിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ തന്നെ നിങ്ങള്‍ സൂപ്പര്‍ താരമായി. പക്ഷെ പ്രതിഭവെച്ചു നോക്കുമ്പോള്‍ ശുഭ്മാന്‍ ഗില്ലും പൃഥ്വി ഷായുമാണ് അടുത്ത സൂപ്പര്‍ താരങ്ങളെന്ന് മുരളി വിജയ് പറഞ്ഞിരുന്നു.