കൊല്ലം: ജില്ലയിൽ മൂന്ന് തദ്ദേശ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ടെണ്ണം എൽ.ഡി.എഫ് നിലനിറുത്തി. അതേസമയം കൊല്ലം കോർപ്പറേഷനിലെ മീനത്തുചേരി ഡിവിഷനിൽ എൽ.ഡി.എഫ് ദയനീയമായി പരാജയപ്പെട്ടു. കഴിഞ്ഞ തവണ 7 വോട്ടിന് വിജയിച്ച മീനത്തുചേരി ഇത്തവണ 634 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് പിടിച്ചെടുത്തു. മീനത്തുചേരിയിൽ യു.ഡി.എഫിന്റെ ദീപു ഗംഗാധരനാണ് (ആർഎസ്.പി) വിജയിച്ചത്. എൽ.ഡി.എഫിന്റെ സന്ധ്യാ നീലകണ്ഠന് 1465 വോട്ടും ബി.ജെ.പി സ്ഥാനാർത്ഥി പി.എസ്.പ്രീതിക്ക് 47 വോട്ടും ലഭിച്ചു.
സി.പി.എം കൗൺസിലറായിരുന്ന രാജു നീലകണ്ഠൻ മരണപ്പെട്ടതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി സന്ധ്യ നീലകണ്ഠൻ രാജു നീലകണ്ഠന്റെ ഭാര്യയാണ്. സഹതാപതരംഗം അടക്കം, എൽ.ഡി.എഫ് ഇവിടെ വലിയ വിജയപ്രതീക്ഷയിലായിരുന്നു. പക്ഷെ വൻതോൽവി നേതൃത്വത്തെ ഞെട്ടിച്ചു. ബി.ജെ.പി വോട്ട് ചോർന്നതാണ് യു.ഡി.എഫ് വിജയത്തിന്റെ കാരണമെന്നാണ് സി.പി.എം നേതാക്കളുടെ വിശദീകരണം.
എന്നാൽ സംസ്ഥാന സർക്കാരിന്റെയും കോർപ്പറേഷൻ ഭരണസമിതിയുടെ അഴിമതികൾക്കും ജനവിരുദ്ധ സമീപനങ്ങൾക്കുമെതിരായ ജനങ്ങളുടെ വിധിയെഴുത്താണ്, സഹതാപതരംഗത്തെയും മറികടന്നുള്ള മീനത്തുചേരിയിലെ വിജയമെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു. കുന്നിക്കോട് നോർത്തിൽ ഭൂരിപക്ഷം 241 വോട്ട് വിളക്കുടി ഗ്രാമപഞ്ചായത്തിലെ കുന്നിക്കോട് നോർത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.അനിൽകുമാർ 878 വോട്ട് നേടി വിജയിച്ചു. 241 വോട്ടാണ് ഭൂരിപക്ഷം. യു.ഡി.എഫ് സ്ഥാനാർത്ഥി സലീം സൈനുദ്ദീൻ (ഐ.എൻ.സി)- 637, ജി.സതീശൻ (ബി.ജെ.പി) 19, അനീസ് അൻസാരി (ആം ആദ്മി) -11 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ വോട്ട് നില. സി.പി.എമ്മിന്റെ പഞ്ചായത്ത് അംഗമായിരുന്ന എം.റഹിംകുട്ടി ട്രെയിൻ അപകടത്തിൽ മരണപ്പെട്ടതിനെ തുടർന്നായിരുന്നു ഇവിടുത്തെ ഉപതിരഞ്ഞെടുപ്പ്.
ഇടമുളയ്ക്കലിൽ ഭൂരിപക്ഷം ഇടിഞ്ഞു ഇടമുളയ്ക്കൽ പഞ്ചായത്തിലെ തേവർതോട്ടത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.അനിൽകുമാർ 595 വോട്ട് നേടി വിജയിച്ചു. യു.ഡി.എഫിന്റെ ജെ.ബാബു (ഐ.എൻ.സി)-260, ബി.ജെ.പിയുടെ എം.അശോക് കുമാർ- 333 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ വോട്ട് നില. ഇടമുളയ്ക്കലിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞു. കഴിഞ്ഞ തവണ അനിൽ 290 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇത്തവണ ഭൂരിപക്ഷം 262 വോട്ടായി കുറഞ്ഞു.
2020 ലെയും ഉപതിരഞ്ഞെടുപ്പിലെയും വോട്ടുനില
മീനത്തുചേരി
എൽ.ഡി.എഫ്: 1460, 1465
യു.ഡി.എഫ്: 1453, 2099
ബി.ജെ.പി: 559, 47
ഇടമുളയ്ക്കൽ തേവർതോട്ടം
എൽ.ഡി.എഫ്: 592, 595
യു.ഡി.എഫ്: 264, 260
ബി.ജെ.പി: 302, 333
വിളക്കുടി കുന്നിക്കോട് നോർത്ത്
എൽ.ഡി.എഫ്: 675, 878
യു.ഡി.എഫ്: 463, 637
ബി.ജെ.പി: 17, 19