സൂപ്പര്‍താരം മുഹമ്മദ് സലായുടെ വീട്ടില്‍ മോഷണം; മോഷ്ടാക്കള്‍ കൊണ്ടുപോയത് ടി.വി റിസീവര്‍

0
149

ലിവര്‍പൂളിന്‍റെ ഈജിപ്ഷ്യന്‍ ഫുട്ബോളര്‍ മുഹമ്മദ് സലായുടെ വീട്ടില്‍ മോഷണം. സലായുടെ ഈജിപ്തിലെ കെയ്‌റോയിലുള്ള വില്ലയിലാണ് മോഷണം നടന്നത്. ഈജിപ്ത് പൊലീസ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. കേസെടുത്ത പൊലീസ് അന്വേഷണവും ആരംഭിച്ചു.

മോഷണത്തില്‍ കാര്യമായ സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. താരത്തിന്‍റെ വില്ലയില്‍ നിന്ന് കേബിള്‍ ടി.വി റിസീവറുകള്‍ മാത്രമാണ് മോഷ്ടാക്കള്‍ക്ക് അപഹരിക്കാനായത്. വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കെയ്‌റോ നഗരത്തില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയുള്ള ടാഗമോവയിലാണ് മുഹമ്മദ് സലായുടെ വസതി.

വില്ലയില്‍ ആരുമില്ലാതിരുന്ന സമയത്താണ് മോഷണം നടക്കുന്നത്. ജനലുകള്‍ തുറന്നുകിടക്കുന്നത് കണ്ട് സലായുടെ ബന്ധുക്കളില്‍ ഒരാള്‍ മോഷണം നടന്നതായി സംശയിക്കുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു. പിന്നീട് നടന്ന പരിശോധനയില്‍ വീട്ടില്‍ നിന്ന് കേബിള്‍ ടി.വി റിസീവര്‍ മോഷണം പോയതായി കണ്ടെത്തുകയായിരുന്നു. വസതിയോട് ചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ വെച്ചിരുന്ന ഗ്യാസ് സിലിണ്ടറും അപഹരിക്കാന്‍ മോഷ്ടാക്കള്‍ ശ്രമം നടത്തിയെന്നും എന്നാല്‍ ഭാരക്കൂടുതല്‍ കാരണം ശ്രമം ഉപേക്ഷിച്ചതായും കണ്ടെത്തി.

മുഹമ്മദ് സലാ അടുത്തയാഴ്ച വീട്ടിലേക്ക് വരാനിരിക്കെയാണ് താരത്തിന്‍റെ വസതിയില്‍ മോഷണം നടക്കുന്നത്. ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്നോടിയായി ആണ് താരം വീട്ടിലേക്ക് എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here