ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമനവുമായി ബന്ധപ്പെട്ട വിധിയില്‍ മാധ്യമങ്ങൾക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് സുപ്രിം കോടതി. ഒരു വലിയ വിഭാഗം മാധ്യമങ്ങൾ കടമ മറന്ന് പക്ഷപാതമായി പ്രവർത്തിച്ചുവെന്ന് കേസ് പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് കെഎം ജോസഫ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമനങ്ങൾക്കായി പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്/ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി നേതാവ്, സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എന്നിവർ അടങ്ങുന്ന സമിതിയെ നിയോഗിച്ച ചരിത്രപ്രധാന വിധിയിലാണ് ബഞ്ചിന്റെ നിരീക്ഷണം.
തെരഞ്ഞെടുപ്പിൽ പണത്തിന്റെയും അധികാരത്തിന്റെയും വലിയ തോതിലുള്ള ഇടപെടലുകൾ നടക്കുന്നതായി ജസ്റ്റിസ് ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്രവും സുതാര്യവുമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിധിയില്‍ എടുത്തു പറഞ്ഞു.
Justice Joseph during the Election Commission case hearing:
A large section of the media has abdicated its role and become partisan.#SupremeCourt #SupremeCourtOfIndia pic.twitter.com/GvewwIzdT5
— Bar & Bench (@barandbench) March 2, 2023
‘ജനാധിപത്യത്തിന് എതിരായ നിയമവാഴ്ച തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിക്കരുത്. അധികാരത്തിന്റെ വ്യാപ്തി ഉപയോഗിച്ച്, നിയമവിധേയവും ഭരണഘടനാപരവുമല്ലാതെ പ്രവർത്തിച്ചാൽ അത് രാഷ്ട്രീയ കക്ഷികൾക്കു മേൽ പ്രത്യാഘാതങ്ങളുണ്ടാക്കും. തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്രമാകേണ്ടതുണ്ട്.’ – ജസ്റ്റിസ് ജോസഫ് ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കമ്മിഷണർമാരെയും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറെയും നിയമിക്കാൻ സുപ്രിംകോടതി കൊളീജിയം പോലുള്ള സംവിധാനം വേണമെന്ന ഹരജികളിലാണ് സുപ്രിംകോടതി വിധി. ജസ്റ്റിസ് കെഎം ജോസഫിന് പുറമേ, ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, അനിരുദ്ധ ബോസ്, ഹൃഷികേഷ് റോയ്, സി.ടി രവികുമാർ എന്നിവരാണ് ഭരണഘടനാ ബഞ്ചിലുണ്ടായിരുന്നത്.
വിധി പ്രകാരം മൂന്നംഗ സമിതിയാകും ഇനി തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിർദേശിക്കുക. രാഷ്ട്രപതിയാണ് ശിപാർശയിൽ അംഗീകാരം നൽകുക. തെരഞ്ഞെടുപ്പ് കമ്മിഷന് സ്വതന്ത്ര സെക്രട്ടറിയേറ്റ്, കൂടുതൽ അധികാരങ്ങൾ, സ്വതന്ത്ര ബജറ്റ്, ഇംപീച്‌മെന്റിൽനിന്നുള്ള സംരക്ഷണം എന്നി ഉറപ്പു നൽകുന്നതാണ് സുപ്രിംകോടതി വിധി.