മൃതദേഹങ്ങൾക്ക് വാങ്ങുന്ന മുണ്ടും ഷർട്ടും ചീപ്പും വരെ അടിച്ചു മാറ്റി വിൽക്കും, കേരളത്തിലെ ഒരു മോർച്ചറിയിൽ നടക്കുന്ന തോന്ന്യാസങ്ങൾ

0
204

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ്, ജില്ലാ ജനറൽ ആശുപത്രി മോർച്ചറികളിൽ ആംബുലൻസ് ജീവനക്കാരുടെയും, ഫോട്ടോ ഗ്രാഫർമാരുടെയും പിടിച്ചുപറി. ദുരൂഹ മരണമെങ്കിൽ കഴുത്തറപ്പൻ തുകയാണ് ഇവർ വാങ്ങുന്നത്. വിഹിതം ലഭിക്കുമെന്നതിനാൽ ബന്ധപ്പെട്ടവരും കണ്ണടയ്ക്കുകയാണ്. പോസ്റ്റുമോർട്ടം കഴിഞ്ഞ് എത്രയും പെട്ടെന്ന് മൃതദേഹം കൊണ്ടുപോയി സംസ്കരിക്കുന്നതിന് കാത്തിരിക്കുന്ന ബന്ധുക്കൾ ആവശ്യപ്പെടുന്ന പണം കൊടുക്കുമെന്നതാണ് ഇവർക്ക് വളമാകുന്നത്. പോസ്റ്റുമോർട്ടത്തിന് മൃതദേഹം എടുക്കുമ്പോൾ പുതിയ മുണ്ട്, ഷർട്ട്, തലയണ, പൗഡർ, സ് പ്രേ തുടങ്ങിയവ ബന്ധുക്കളെക്കൊണ്ട് ജീവനക്കാർ വാങ്ങിപ്പിക്കും. ദിവസം ഒരു ഡസൻ പോസ്റ്റുമോർട്ടം വരെ മെഡിക്കൽ കോളേജാശുപത്രിയിൽ നടക്കാറുണ്ട്. ഒന്നോ രണ്ടോപേർക്കായി വാങ്ങുന്ന സാധനങ്ങളാണ് മറ്റ് പോസ്റ്റുമോർട്ടങ്ങൾക്കും ഉപയോഗിക്കുന്നതെന്നാണ് ആക്ഷേപം. ബാക്കി സ്ഥിരം കടയിൽ വിറ്റ് ജീവനക്കാർ പണം വീതിച്ചെടുക്കും. ചില സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ അമിത വണ്ടിക്കൂലിയ്ക്ക് പുറമെ മൃതദേഹം മോർച്ചറിയിൽ നിന്ന് പുറത്തെത്തിക്കാൻ ഒപ്പം കൂടി 500 രൂപ വരെ വാങ്ങുന്നതും പതിവാണ്.

ഫോട്ടോയെടുക്കാൻ നാലായിരം

ദുരൂഹ മരണങ്ങൾക്ക് പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കുമ്പോൾ കേസിന്റെ ആവശ്യത്തിന് സൂക്ഷിക്കാൻ ശരീരത്തിലെ മുറിവുകളുടെയും മറ്റും ഫോട്ടോ എടുപ്പിക്കും. സ്വന്തമായി ഫോട്ടോഗ്രാഫറില്ലാത്തതിനാൽ ഗാന്ധിനഗർ പൊലീസ് പുറത്തു നിന്നുള്ളവരെക്കൊണ്ടാണ് ചിത്രം എടുപ്പിക്കുന്നത്. ഇതിന് പണം കൊടുക്കേണ്ടത് മരിച്ചവരുടെ ബന്ധുക്കളും. 4000 രൂപ വരെയാണ് ഇതിനായി ഈടാക്കുന്നത്. കേവലം നാലോ അഞ്ചോ ഫോട്ടോയെടുത്ത് നൽകുന്നതിനാണ് ഈ പകൽക്കൊള്ള. മുൻപ് ആയിരം രൂപയാണ് ഈടാക്കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട പരാതി ഗാന്ധിനഗർ പൊലീസിന് ലഭിച്ചിട്ടും നടപടി അകലെയാണ്.

ഇവർക്കായി വാതിലുകൾ തുറക്കും

പോസ്റ്റുമോർട്ടം നടക്കുന്ന സ്ഥലത്ത് പുറത്ത് നിന്നുള്ളവരെ പ്രവേശിപ്പിക്കരുതെന്നാണ് നിയമമെങ്കിലും സഹായികളായി കൂടുന്ന ആംബുലൻസ് ഡ്രൈവർമാരെയും, ഫോട്ടോഗ്രാഫർമാരെയും ആരും തടയാറില്ല. കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും നിരവധി പോസ്റ്റുമോർട്ടം നടക്കാറുണ്ട്. ഇവിടെയും സഹായികളായി കൂടുന്ന ആംബുലൻസ് ജീവനക്കാർക്കും പണമാണ് മുഖ്യം.

LEAVE A REPLY

Please enter your comment!
Please enter your name here