ബോള്‍ട്ടിനെ വെല്ലുന്ന ഓട്ടവുമായി കോലി, കവറില്‍ നിന്ന് മിഡ് വിക്കറ്റിലേക്ക് ഓടിയെത്തിയത് 6 സെക്കന്‍ഡില്‍-വീഡിയോ

0
182

മുംബൈ: ഇന്ത്യന്‍ ടീമിലെ ഏറ്റവും ശാരീരിക്ഷമതയുള്ള കളിക്കാരനാരാണെന്ന് ചോദിച്ചാല്‍ കുറക്കോലമായി ആരാധകര്‍ക്ക് വിരാട് കോലി എന്ന ഒറ്റ ഉത്തരമേ ഉണ്ടാവു. 34-ാം വയസിലും ഫിറ്റ്നെസിന്‍റെ കാര്യത്തില്‍ കോലിയെ വെല്ലാന്‍ യുവതാരങ്ങള്‍ക്ക് പോലും കഴിയില്ലെന്ന് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരവും തെളിയിച്ചു. ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും ഫീല്‍ഡിംഗില്‍ കോലിയുടെ വേഗം ആരാധകരെ പോലും അമ്പരപ്പിക്കുന്നതായിരുന്നു.

ഓസ്ട്രേലിയന്‍ ഇന്നിംഗ്സിലെ പതിനൊന്നാം ഓവറില്‍ മിച്ചല്‍ മാര്‍ഷ് മിഡ് വിക്കറ്റിലേക്ക് പന്ത് തട്ടിയിട്ട് രണ്ട് റണ്‍സ് ഓടിയെടുത്തു. മിഡ് വിക്കറ്റ് ഫീല്‍ഡര്‍ ബൗണ്ടറി ലൈനിലായിരുന്നതിനാല്‍ ഡബിള്‍ ഓടുന്നത് ത`ടയാനായി ഷോര്‍ട്ട് കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലി പിച്ച് ചാടിക്കടന്ന് പന്തിന് അടുത്തേക്ക് ഓടി. മിഡ് വിക്കറ്റ് ബൗണ്ടറിയിലുള്ള ഫീല്‍ഡര്‍ പന്തിന് അടുത്തെത്തും മുമ്പെ കോലി പന്തെടുത്ത് ത്രോ ചെയ്തു. വെറും ആറ് സെക്കന്‍ഡുകൊണ്ടാണ് കോലി ഷോര്‍ട്ട് കവറില്‍ നിന്ന് മിഡ് വിക്കറ്റിലേക്ക് ഓടിയെത്തിയത്. കോലിയുടെ വേഗത്തെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന്‍റെ ഓട്ടത്തോടാണ് ആരാധകര്‍ ഉപമിച്ചത്. 65 പന്തില്‍ 81 റണ്‍സടിച്ച മിച്ചല്‍ മാര്‍ഷ് ക്രീസിലുള്ളപ്പോള്‍ വമ്പന്‍ സ്കോര്‍ നേടുമെന്ന് തോന്നിച്ച ഓസ്ട്രേലിയ 188 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 129-2ല്‍ നിന്നാണ് ഓസീസ് 188 റണ്‍സിന് ഓള്‍ ഔട്ടായത്.

ഫീല്‍ഡിംഗില്‍ അമ്പരപ്പിച്ചെങ്കിലും ബാറ്റിംഗില്‍ പക്ഷെ കോലി നിരാശപ്പെടുത്തി. ഇഷാന്‍ കിഷന്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ കോലി മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ഇന്‍സ്വിംഗിംഗ് യോര്‍ക്കറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. റിവ്യൂ പോലും എടുക്കാതെയാണ് കോലി ക്രീസ് വിട്ടത്. ഓസ്ട്രേലിയക്കെതിരായ അഹമ്മദാബാദ് ടെസ്റ്റില്‍ സെഞ്ചുറിയുമായി മൂന്നരവര്‍ഷത്തെ ടെസ്റ്റ് സെഞ്ചുറി വരള്‍ച്ചക്ക് വിരാമമിട്ട കോലിയില്‍ നിന്ന് വലിയൊരു ഇന്നിംഗ്സ് പ്രതീക്ഷിച്ച ആരാധകര്‍ നിരാശരാവുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here