മുസ്ലിം പിന്തുടർച്ചാവകാശ നിയമം: ഷുക്കൂർ വക്കീലിന്റെ വിവാഹത്തിനെതിരെ രൂക്ഷ വിമർശനവുമായി കെഎം ഷാജി

0
185

കോഴിക്കോട്: മുസ്ലീം പിന്തുടർച്ചാവശകാശ നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാകാൻ വീണ്ടും വിവാഹിതനായ അഡ്വ ഷുക്കൂറിനെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി.  ശരീ അത്തിനെ എതി‍ർക്കുന്നെന്ന പേരിൽ ഷുക്കൂർ വക്കീൽ നടത്തിയ വിവാഹത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് കെ എം ഷാജി പറഞ്ഞു. വ്യക്തി നിയമത്തെ എതിർക്കുന്നവർ മതം ഉപേക്ഷിച്ച് പോകട്ടെയെന്നും കെ എം ഷാജി കോഴിക്കോട്ട് പറഞ്ഞു. വാഫി വഫിയ അലുമിനി അസോസിയേഷൻ സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകായിരുന്നു ഷാജി.

പ്രമുഖ അഭിഭാഷകനും സിനിമാതാരവുമായ ഷുക്കൂർ തന്റെ ഭാര്യ ഡോ ഷീനയെ സ്പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. മുസ്‌ലിം പിന്തുടർച്ചവകാശ നിയമപ്രകാരം പെൺമക്കൾക്ക് പൂർണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായാണ് ഇവർ വീണ്ടും വിവാഹം കഴിച്ചത്. മൂന്ന് പെൺ മക്കളോടൊപ്പമാണ് അഡ്വ ഷുക്കൂറും ഷീന ഷുക്കൂറും കല്യാണത്തിന് എത്തിയത്. 28 വർഷങ്ങൾക്ക് മുമ്പ് മതാചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്. മാതാപിതാക്കളുടെ നിലപാടിൽ അഭിമാനത്തോടെയാണ് മക്കളും വിവാഹത്തിൽ പങ്കെടുത്തത്. ഹൊസ്ദുർഗ് രജിസ്ട്രാർ ഓഫീസിലായിരുന്നു വിവാഹം രണ്ടാം വിവാഹം നടന്നത്. കല്യാണത്തിൽ പങ്കെടുക്കാൻ സാമൂഹിക രാഷ്ട്രീയ രംഗത്തുള്ളവരും എത്തിയിരുന്നു.

എന്നാൽ മത സംഘടനകളുടെയും മതപണ്ഡിതരുടെയും ഭാഗത്ത് നിന്ന് രൂക്ഷമായ വിമർശനമാണ് ഈ വിഷയത്തിൽ ഉയർന്നത്. സാമൂഹിക മാധ്യമങ്ങളിൽ ചിലർ അഡ്വ ഷുക്കൂറിനെതിരെ കൊലവിളി മുഴക്കിയിരുന്നു. ഇദ്ദേഹവും കുടുംബവും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന്റെ വീടിന് പൊലീസ് സുരക്ഷയൊരുക്കിയിരുന്നു.

അഡ്വ സജീവനും സിപിഎം നേതാവും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി മുൻ ചെയർമാനുമായ വി വി രമേശനുമാണ് അഡ്വ ഷുക്കൂറിന്റെയും ഭാര്യയുടെയും വിവാഹ രജിസ്റ്ററില്‍ സാക്ഷികളായി ഒപ്പിട്ടത്. മുസ്ലിം പിന്‍തുടര്‍ച്ചാ നിയമപ്രകാരം, വ്യക്തിക്ക് ആണ്‍മ ക്കളുണ്ടെങ്കിൽ മാത്രമേ മുഴുവന്‍ സ്വത്തും മക്കൾക്ക് ലഭിക്കുകയുള്ളൂ. ഷൂക്കൂറിനും ഷീനയ്ക്കും മൂന്ന് പെണ്‍മക്കളാണ്. അതിനാൽ ഇവരുടെ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഓഹരി മാത്രമാണ് മക്കള്‍ക്ക് കിട്ടുക. അഡ്വ ഷുക്കൂറിന്റെയും ഭാര്യയുടെയും സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഇത് മറികടന്ന് മുഴുവൻ സ്വത്തും മക്കൾക്ക് തന്നെ കിട്ടാനാണ് താനും ഭാര്യയും സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരാകുന്നതെന്നാണ് അഡ്വ ഷുക്കൂർ വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here