വിദ്യാർഥികൾക്കുള്ള യാത്രാ നിരക്കിളവ് കർണാടകയെ മാതൃകയാക്കണം

0
171

കാസർകോട് ∙ കെഎസ്ആർടിസി ബസുകളിൽ വിദ്യാർഥികൾക്കുള്ള യാത്രാ നിരക്കിളവ് സംബന്ധിച്ച കാര്യങ്ങൾ ജില്ലയിൽ വിദ്യാർഥികൾക്കിടയിൽ വലിയ രീതിയിൽ ചർച്ചാ വിഷയമാകുകയാണ്.മഞ്ചേശ്വരം എംഎൽഎ എ.കെ.എം.അഷ്റഫിന്റെ ഇടപെടലിനെ തുടർന്ന് മംഗളൂരുവിലേക്കുള്ള വിദ്യാർഥികൾക്ക് അടുത്ത അധ്യയന വർഷം മുതൽ സീസൺ ടിക്കറ്റ് അടിസ്ഥാനത്തിൽ കൺസഷൻ നൽകാമെന്ന് ഗതാഗത മന്ത്രി നിയമസഭയിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മംഗളൂരുവിലെ വിദ്യാർഥികൾക്ക് കർണാടക ഇളവു നൽകുന്നതിന് കർണാടക സർക്കാർ സഹായമുണ്ട്.

നിലവിൽ സ്കൂൾ വിദ്യാർഥികൾക്ക് 10 മാസത്തേക്ക് 1050 രൂപ, മറ്റ് മാനേജ്മെന്റ് കോളജുകളിൽ പഠിക്കുന്നവർക്ക് 1550 രൂപ എന്നിങ്ങനെയാണ് കർണാടക ആർടിസി നിരക്ക് ഈടാക്കുന്നത്. എന്നാൽ ഒരു വിദ്യാർഥിക്ക് ഒരു അധ്യയന വർഷം 12,400 രൂപ കർണാടക സർക്കാർ കോർപറേഷനു സബ്സിഡി നൽകുന്നുണ്ടെന്നാണ് അധിക‍ൃതർ പറയുന്നത്. ഇതിനാലാണ് കോർപറേഷന് വലിയ നഷ്ടമുണ്ടാകാതെ വിദ്യാർഥികൾക്ക് യാത്രാ ഇളവ് നൽകാൻ സാധിക്കുന്നത്. ഇത്തരത്തിൽ സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം നൽകിയാൽ മാത്രമേ കെഎസ്ആർടിസിക്ക് കൂടുതൽ ഇളവുകൾ നൽകാൻ സാധിക്കൂ.

സ്കൂൾ തലത്തിലെ സൗജന്യം മാറ്റിയാലും ദുരിതം

ജില്ലയിലെ 2 കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നായി ഏഴായിരത്തിലേറെ സ്കൂൾ കുട്ടികൾക്കാണു നിലവിൽ സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. ഇതിൽ മാറ്റം വന്നാൽ കെഎസ്ആർടിസി മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിലെ വിദ്യാർഥികൾ പ്രയാസത്തിലാകും. സ്വകാര്യ ബസിൽ നിന്നു വ്യത്യസ്തമായി കെഎസ്ആർടിസി ബസുകളിൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് കൺസഷന് പകരം കാർഡ് നൽകി സൗജന്യ യാത്രയാണ് നിലവിലുള്ളത്.

കോളജ് വിദ്യാർഥികൾക്ക് 25 % നിരക്ക് ഇളവും നൽകുന്നു.കാസർകോട് മേഖലയിൽ നിന്ന് ചന്ദ്രഗിരി വഴി കാഞ്ഞങ്ങാടേക്കും ദേളി–ചട്ടഞ്ചാൽ റൂട്ടിലും ചെമ്പരിക്ക – കല്ലവളപ്പിൽ റൂട്ടിലുമാണ് സ്കൂൾ വിദ്യാർഥികളേറെയും. ഈ റൂട്ടുകളിലേക്ക് രാവിലെയും വൈകിട്ടും കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുന്നുണ്ട്. കൺസഷൻ അനുവദിക്കുന്ന റൂട്ടുകൾ ലാഭകരമല്ലെങ്കിൽപോലും ബസുകൾ സർവീസ് നടത്തുന്നുണ്ട്.

ചില ട്രിപ്പുകളിൽ നാമമാത്രമായ തുക മാത്രമാണ് ലഭിക്കുന്നത്. കാഞ്ഞങ്ങാട് – പാണത്തൂർ, കാഞ്ഞങ്ങാട് – നീലേശ്വരം തുടങ്ങിയ റൂട്ടുകളിൽ സ്വകാര്യ ബസുകൾ ഉണ്ടെങ്കിലും ഒട്ടേറെ വിദ്യാർഥികൾ‍ കെഎസ്ആർടിയെ ആശ്രയിക്കുന്നുണ്ട്. വിദ്യാർഥികൾക്കു വേണ്ടി ഗ്രാമവണ്ടി, സ്റ്റുഡന്റ്സ് ബോണ്ട് മാതൃകയിൽ സർവീസ് നടത്താൻ തയാറാണെന്ന് കെഎസ്ആർടിസി അറിയിച്ചിരുന്നു. എന്നാൽ ഇതിനായി വിദ്യാഭ്യാസ വകുപ്പോ മറ്റോ സ്പോൺസർ ചെയ്യണം.

LEAVE A REPLY

Please enter your comment!
Please enter your name here