കാസർഗോഡ് ജില്ലയിൽ സാമൂഹിക സുരക്ഷാ പെൻഷൻ വരുമാന സർട്ടിഫിക്കറ്റ് നൽകാൻ ബാക്കിയുള്ളത് നാൽപതിനായിരത്തോളം പേർ

0
249

കാസർകോട്: സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് നൽകാൻ ജില്ലയിൽ ബാക്കിയുള്ളത് നാൽപതിനായിരത്തോളം പേർ. പഞ്ചായത്ത് പരിധികളിൽ പെൻഷൻ വാങ്ങുന്ന 1,32,646  പേരിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ബാക്കിയുള്ളത് 39,604 പേരാണ്.

ഇന്നലെ വൈകിട്ട് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്റുടെ ഓഫിസിൽ നിന്നുള്ള കണക്കുകൾ പ്രകാരമുള്ള വിവരമാണിത്. നഗരസഭകളിലെ കണക്കുകൾ കൂടിയാകുമ്പോൾ സർട്ടിഫിക്കറ്റ് നൽകാൻ ബാക്കിയുള്ളവരുടെ എണ്ണം ഇതിലേറെയാകും.  സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനായി സർക്കാർ നിശ്ചയിച്ച സമയപരിധി ഇന്നലെ വൈകിട്ട് അവസാനിച്ചു.

വരുമാന സർട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫിസുകളിൽ ശേഖരിച്ചു. അത് ഒരുമിച്ച് അപ‍്‍ലോഡ് ചെയുന്നതിനായി സാങ്കേതിക തടസ്സങ്ങളും നേരിട്ടു. പഞ്ചായത്ത് ഓഫിസുകളിൽ രാത്രി വൈകിയും വരുമാന സർട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു. ഇതിനു പുറമേ നേരത്തെ പെ‍ൻഷൻ വാങ്ങിയവരിൽ ഒട്ടേറെ പേർ പരേതരും അർഹതയില്ലാത്തവരും ഉൾപ്പെടുന്നതിനാലും എണ്ണം കുറയുന്നതിനു കാരണമായി.

വിവിധക്ഷേമ പെൻഷൻ വാങ്ങുന്നവർ:

കർഷകത്തൊഴിലാളി പെൻഷൻ –11051

വാർധക്യ പെൻഷൻ – 47374

ഭിന്നശേഷി പെൻഷൻ – 16976)

അവിവാഹിത പെൻഷൻ – 1944

വിധവ പെൻഷൻ – 55301

ഇന്നലൈ വൈകിട്ട് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാത്തത്:

കർഷകത്തൊഴിലാളി –2600, ഭിന്നശേഷി – 5400, വിധവ – 308, വാർധക്യ –19677, അവിവാഹിത – 11619

വില്ലേജ് ഓഫിസുകളിൽ ഇന്നലെ തിരക്ക്

ക്ഷേമ പെൻഷൻ ലഭിക്കാനായി വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്നലെ ജില്ലയിലെ ഭൂരിപക്ഷം വില്ലേജ് ഓഫിസുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. അക്ഷയ കേന്ദ്രങ്ങളിൽ നിന്ന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം വില്ലേജ് ഓഫിസർ അംഗീകരിച്ച സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കുകയാണു വേണ്ടത്.

ഇതിനായി അപേക്ഷകർ നേരിട്ട് വില്ലേജ് ഓഫിസുകളിൽ എത്തേണ്ട ആവശ്യമില്ല. എന്നാൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തീയതിയായതിനാൽ ഇന്നലെ അപേക്ഷ സമർപ്പിച്ചവർ നേരിട്ട് സർട്ടിഫിക്കറ്റിന്റെ വിവരങ്ങൾ തേടി വില്ലേജ് ഓഫിസുകളിലെത്തി. ജില്ലയിലെ 4 താലൂക്കുകളിലെ പരിധികളിലെ വില്ലേജ് ഓഫിസുകളിൽ വൻതിരക്ക് അനുഭവപ്പെട്ടു.

വില്ലേജ് ഓഫിസുകളിൽ ജീവനക്കാർക്കു കഴിഞ്ഞ ഒരാഴ്ചയിലേറെയായി വിശ്രമമില്ലാത്ത ജോലി തിരക്കായിരുന്നു. വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിനു പുറമേ വില്ലേജ് ഓഫിസർമാർ അനുവദിക്കേണ്ട മറ്റു സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകർ കൂടി വന്നതോടെ വില്ലേജ് ഓഫിസർമാരുടെ ജോലിഭാരം ഇരട്ടിയിലേറെയായി.

ക്ഷേമ പെൻഷൻ നൽകാൻ എത്തിയത് 14.62 കോടി രൂപ

ഡിസംബറിൽ പെൻഷൻ നൽകുന്നതിനായി സഹകരണ സംഘം ജോയിന്റ് റജിസ്ട്രാർ ഓഫിസിലെത്തിയിരിക്കുന്നത് 14.62 കോടി രൂപ. ഒരു മാസത്തെ ക്ഷേമ പെൻഷൻ നൽകുന്നതിനുള്ള തുകയാണിത്. ഈ തുക ട്രഷറിയിൽ നിന്ന് അതത് സഹകരണ ബാങ്കുകളിലേക്കു കൈമാറും.അടുത്ത ദിവസം മുതൽ തന്നെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കു കൈമാറും.

LEAVE A REPLY

Please enter your comment!
Please enter your name here