കഞ്ചാവ് വലിച്ചതിന് 1 ദിവസം, ജില്ലയിലെ 5 സ്റ്റേഷനിലായി 23 പേർ അറസ്റ്റിൽ

0
181

കാസർകോട്: ജില്ലയിലെ 5 പൊലീസ് സ്റ്റേഷനുകളിലായി കഞ്ചാവ് വലിച്ചതിന് ഒരു ദിവസം മാത്രം അകത്തായത് 23 പേർ. മഞ്ചേശ്വരം, കുമ്പള, കാസർകോട്, വിദ്യാനഗർ, ബദിയടുക്ക സ്റ്റേഷനുകളിലാണ് കഴിഞ്ഞ ഞായറാഴ്ച ഇത്രയും പേ‍ർക്കെതിരെ കേസെടുത്തത്. ഇതിനു പുറമേ ബേക്കൽ സ്റ്റേഷനിൽ ശനിയാഴ്ച പത്തിലേറെ കേസുകളാണ് റജിസ്റ്റർ ചെയ്തത്. മഞ്ചേശ്വരം 8, കുമ്പള 4, ബദിയടുക്ക 3, വിദ്യാനഗർ 4, കാസർകോട് 4 എന്നിങ്ങനെയാണ് അറസ്റ്റ്.

വേഷം മാറി പൊലീസെത്തും

കടവരാന്തകൾ, ബസ് സ്റ്റാൻഡിലെ ശുചിമുറികൾ തുടങ്ങിയ ഇടങ്ങളിൽ വച്ചാണ് സംഘങ്ങൾ ലഹരി ഉപയോഗിക്കുന്നത്. പൊതുസ്ഥലത്ത് പുകവലിക്കുന്നത് കുറ്റമായതിനാൽ ആൾക്കൂട്ടം ഇല്ലാത്തയിടങ്ങളിൽ വച്ചാണ് ഉപയോഗം. ഇത്തരക്കാരെ പിടികൂടാനായി വേഷം മാറി വനിത–പുരുഷ പൊലീസുകാർ പരിശോധനയ്ക്കായി എത്തുന്നുണ്ട്. കഞ്ചാവ് ബീഡി വലിക്കുന്നതിനായി ഉപയോഗിക്കുന്ന പ്രധാന സ്ഥലങ്ങൾ ഇനി മുതൽ പൊലീസിന്റെ നിരീക്ഷണത്തിലാണ്. പെട്ടെന്ന് കാണുമ്പോൾ സാധാരണ ബീഡി ആണെന്നു കരുതുമെങ്കിലും ഗന്ധം മനസ്സിലാക്കി കഞ്ചാവ് തിരിച്ചറിയാനാവും.

അറസ്റ്റുകൾ

1.15 കിലോ ഗ്രാം കഞ്ചാവ് മോട്ടർ സൈക്കിളിൽ കടത്തുകയായിരുന്ന കുളൂർ ശാന്തഡുക്കയിലെ അബ്ദുൽ മുനീർ(44)നെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി മംഗൽപാടിയിലെ സ്കൂളിനടുത്തു വച്ചാണ് എസ്ഐ എൻ.അൻസാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽനിന്നു 4050 രൂപയും കണ്ടെടുത്തു.

സ്കൂട്ടറിലെത്തി ലഹരിമരുന്നായ 2 ഗ്രാം എംഡിഎംഎ കൈമാറുന്നതിനിടെ തെക്കിൽ ഫെറി മൂലയിൽ ഹൗസിൽ എം.സുബൈറിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര ബില്ലാൽ നഗറിലെ നിസാർ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ബേക്കൽ അസറഗോള ഗവ.യുപി സ്കൂളിനടുത്താണ് എസ്ഐ കെ.പി. പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

ഉപയോഗിച്ചാലും ശിക്ഷ കടുക്കും

ലഹരി വസ്തു കൈവശം വയ്ക്കുകയോ വിൽപന നടത്തുകയോ ചെയ്താൽ മാത്രമല്ല, ഉപയോഗിച്ചാലും ശിക്ഷ കിട്ടും. കഞ്ചാവ് നിറച്ച ബീഡി വലിക്കുന്നതോ എംഡിഎംഎ ഉപയോഗിക്കുന്നതോ പൊലീസ് പിടിച്ചാൽ ചെറിയ തുക പിഴ അടച്ച് രക്ഷപ്പെടാമെന്നു കരുതുന്നവർക്കു  തെറ്റി. ഈ കുറ്റം ചെയ്യുന്നവർക്ക് 1 നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് വകുപ്പ് 27– ബി പ്രകാരം 6 മാസം തടവും 10000 രൂപയുമാണു ശിക്ഷ.

പിഴ അടച്ചില്ലെങ്കിൽ കൂടുതൽ ദിവസം ജയിലിൽ കിടക്കണം. ഈ കുറ്റത്തിനു ഇത്രയും വലിയ ശിക്ഷ ഉള്ള കാര്യം പലർക്കും അറിയാത്തതിനാലും  ഇത്തരം കുറ്റകൃത്യങ്ങൾക്കുമേൽ ചിലപ്പോൾ കണ്ണടയ്ക്കേണ്ടി വരുന്നതിനാലും  ഇവ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കാൻ തുടങ്ങിയതായി പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here