ഹിജാബ് നിരോധനത്തിന് ശേഷം സംസ്ഥാനത്ത് പരീക്ഷയെഴുതുന്ന മുസ്ലീം വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. “ഹിജാബ് നിരോധനത്തിന് ശേഷം കൂടുതൽ മുസ്ലീം സഹോദരിമാർ പരീക്ഷയെഴുതി, ഇപ്പോൾ കൂടുതൽ മുസ്ലീം പെൺകുട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. ഹിജാബ് ധരിച്ച പെൺകുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉഡുപ്പിയിലെ മുസ്ലീം സംഘടനകളുടെ കൂട്ടായ്മയായ മുസ്ലീം ഒക്കൂട്ടയുടെ (Muslim Okkoota) കണക്കനുസരിച്ച്, 2021ൽ 183 പ്രീ-യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കെങ്കിലും പരീക്ഷ എഴുതാൻ സാധിച്ചില്ലെന്ന് ‘ദ ന്യൂസ് മിനിറ്റ്’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ഉഡുപ്പിയിലെ പ്രീ-യൂണിവേഴ്സിറ്റി കോളേജുകളിലെ മുസ്ലീം പെൺകുട്ടികളുടെ 12.5 ശതമാനത്തോളം വരും. ഉഡുപ്പിയിൽ ഹിജാബ് നിരോധനം നടപ്പാക്കുന്നത് രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ഇവിടുത്തെ സർവകലാശാലകൾ പ്രവേശനം നേടുന്നതിനെക്കുറിച്ച് പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിച്ചതായും റിപ്പോർട്ട് കണ്ടെത്തിയിരുന്നു. ചില കുടുംബങ്ങൾ പുതിയ സ്ഥലത്തേക്കു താമസം മാറുന്നതിനെക്കുറിച്ചു പോലും ആലോചിച്ചു.
ഈ വിഷയത്തിലെ ഹർജികൾ പരിഗണിക്കാൻ മൂന്നംഗ ബെഞ്ച് രൂപീകരിക്കുമെന്ന് വെള്ളിയാഴ്ച സുപ്രീം കോടതി പറഞ്ഞിരുന്നു. എന്നാൽ അതിനുള്ള തീയതി ഏതാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കർണാടകയിൽ മാർച്ച് 9 മുതൽ പിയുസി ഫൈനൽ പരീക്ഷകൾ നടക്കാനിരിക്കുകയാണ്. സുപ്രീം കോടതിയിൽ നിന്നുള്ള വിധി അതിനു മുൻപ് എത്തിയില്ലെങ്കിൽ ചില വിദ്യാർത്ഥികൾക്ക് ഒരു വർഷം നഷ്‌ടപ്പെടും. ഹിജാബ് ധരിച്ച മുസ്ലീം പെൺകുട്ടികളെ കോളേജിൽ പ്രവേശിപ്പിക്കുന്നത് വിലക്കുന്ന നിയമത്തിനെതിരെ കേസ് ഫയൽ ചെയ്ത വിദ്യാർത്ഥികളുടെ ഹർജി തള്ളിയ കർണാടക ഹൈക്കോടതി യൂണിഫോം സംബന്ധിച്ച സർക്കാർ ചട്ടം ശരിവെക്കുകയായിരുന്നു. ഹിജാബ് ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്നും കോടതി വിധിച്ചിരുന്നു. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ കർണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. 11 ദിവസം വാദം കേട്ട ശേഷമാണ് കേസിൽ സുപ്രധാന വിധി പറഞ്ഞത്. ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ജെ.എം. ഖാസി എന്നിവരായിരുന്നു ബെഞ്ചിലെ മറ്റു ജഡ്ജിമാർ.
2021 ഡിസംബറിലാണ് കർണാടക ഉഡുപ്പി ഗവ. വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളേജിലാണ് ഹിജാബ് വിവാദം ആരംഭിച്ചത്. ജനുവരി മാസത്തിൽ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാർത്ഥിനികളെ ക്ലാസിൽ നിന്ന് പുറത്താക്കിയതോടെ ഇവർ സമരരംഗത്തെത്തി. പ്രതിഷേധത്തിനിടെ കോളേജുകളിൽ യൂണിഫോം കോഡ് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. ഇതോടെ പ്രതിഷേധം കൂടുതൽ കോളേജുകളിലേക്ക് വ്യാപിക്കുകയും കാവിഷാൾ ധരിച്ച് മറ്റൊരുവിഭാഗം വിദ്യാർഥികളും രംഗത്തെത്തുകയും ചെയ്തു. സംഘർഷാവസ്ഥയിൽ എത്തിയതോടെ ഈ വിഷയം ദേശീയ തലത്തിൽ തന്നെ ചർച്ചയാകുകയും ചെയ്തു.