ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ ബിജെപിയിൽനിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. ബിജെപി എംഎൽസി ബാബുറാവു ചിഞ്ചന്‍സുര്‍ കോണ്‍ഗ്രസിൽ ചേരാൻ തീരുമാനിച്ചു. അടുത്തദിവസം ബാബുറാവു അംഗത്വമെടുക്കുമെന്നു കോൺഗ്രസ് നേതൃത്വത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയെ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചയാളാണ് ബാബുറാവു. കല്യാണ കർണാടക മേഖലയിലെ പ്രമുഖ സമുദായ നേതാവാണ്. 2008 മുതൽ 2018 വരെ ഗുർമിത്‌കാൽ മണ്ഡലത്തെ പ്രതിനിധീകരിച്ചു. നേരത്തേ കോൺഗ്രസിലായിരുന്ന ബാബുറാവു മന്ത്രിയുമായിട്ടുണ്ട്. 2018ലെ തിരഞ്ഞെടുപ്പ് പരാജയത്തോടെ കോൺഗ്രസിൽനിന്നു രാജിവച്ച് ബിജെപിയിൽ ചേരുകയായിരുന്നു.
ബിജെപിയില്‍നിന്ന് ഈ മാസം രാജിവയ്ക്കുന്ന രണ്ടാമത്തെ എംഎല്‍സിയാണ് ബാബുറാവു. ‘‘കോൺഗ്രസിൽനിന്നു വന്ന ബാബുറാവു ആ പാർട്ടിയിലേക്കു മടങ്ങിപ്പോകുന്നു. ഗുർമിത്കലിൽ ബിജെപി ശക്തരാണ്. ബാബുറാവുവിന്റെ രാജി ഒരുതരത്തിലും പാർട്ടിയെ ബാധിക്കില്ല’’– കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു. എന്തും നേരിടാൻ ബിജെപി ഒരുക്കമാണെന്നു മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്.യെഡിയൂരപ്പ വ്യക്തമാക്കി.