കര്‍ണാടക ബി.ജെ.പിയില്‍ ചേരിപ്പോര്; നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്

0
208

ബെംഗളൂരു: മെയ് മാസത്തില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടക ബി.ജെ.പിയിലെ ചേരിപ്പോര് നേതൃത്വത്തിന് തലവേദനയാവുന്നു. പ്രമുഖനേതാക്കളുടെ കൂറുമാറ്റത്തിന് പിന്നാലെയാണ് പാര്‍ട്ടിക്കുള്ളിലെ ഭിന്നതയും രൂക്ഷമാകുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാന വോട്ടുബാങ്കായിരുന്ന മാദിഗ സമുദായവും ഇത്തവണ പാര്‍ട്ടിയെ കയ്യൊഴിഞ്ഞിരിക്കുകയാണ്. തിങ്കളാഴ്ച വൈകീട്ട് പുതുതായി പാര്‍ട്ടിയിലെത്തിയ 21 നേതാക്കളുടെ ലിസ്റ്റ് കോണ്‍ഗ്രസ് പുറത്തു വിട്ടിരുന്നു. ഇതില്‍ 16 പേരും മാദിഗ സമുദായത്തിന്റെ പ്രധാന നേതാക്കളായിരുന്നു.

മാദിഗ റിസര്‍വേഷന്‍ ഹോരാട്ട സമിതി(എം.ആര്‍.എച്ച്.എസ്) നേതാക്കളായ അംബണ്ണ അരോലിക്കര്‍, തിമ്മപ്പ അല്‍ക്കൂര്‍, രാജണ്ണ എന്നിവരാണ് പുതുതായി കോണ്‍ഗ്രസിലെത്തിയത്. 2018ല്‍ എ.ജെ. സദാശിവ കമ്മീഷന്‍ ശിപാര്‍ശ ചെയ്ത, പട്ടികജാതി വിഭാഗത്തിനുള്ളില്‍ ആഭ്യന്തര സംവരണ ബില്‍ പാസാക്കുന്നതില്‍ നിന്നും സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്നോട്ട് പോയെന്ന് ആരോപിച്ചാണ് മാദിഗ സമുദായ സമിതി ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലിരുന്നിട്ടും ബി.ജെ.പി തങ്ങളെ വഞ്ചിച്ചെന്നാരോപിച്ചാണ് കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിച്ചതെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എങ്കിലും ബസവമൂര്‍ത്തിയടക്കമുള്ള മാദിഗ നേതാക്കളില്‍ ചിലര്‍ ഇപ്പോഴും ബി.ജെ.പിയെ തന്നെയാണ് പിന്തുണക്കുന്നത്.

അതിനിടെ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന ബസവരാജ് ബൊമ്മൈയുടെ പരാമര്‍ശവും ബി.ജെ.പിക്ക് കൂടുതല്‍ തലവേദനയാവുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് കരുതുന്ന ബി.എല്‍. സന്തോഷ്, പ്രഹ്ലാദ് ജോഷി, അശ്വന്ത് നാരായണ്‍ എന്നിവര്‍ക്കും ബൊമ്മൈയുടെ പരാമര്‍ശത്തില്‍ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് മുമ്പും സംസ്ഥാന നേതൃത്വത്തിലുണ്ടായിരുന്ന നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. അഴിമതി ആരോപണമുന്നയിച്ച് കൊണ്ട് എം.എല്‍.സിയായിരുന്ന പുട്ടണ്ണ, ബാബുറാവു ചിഞ്ചന്‍സുര്‍ എന്നിവര്‍ ബി.ജെ.പി വിട്ടിരുന്നു.

മുന്‍ എം.എല്‍.എമാരായ ജി.എന്‍. നഞ്ചുണ്ട, മനോഹര്‍ ഐനാപ്പൂര്‍, മുന്‍ മൈസൂര്‍ മേയര്‍ പുരുഷോത്തം എന്നിവരും ഇതിനോടകം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിട്ടുണ്ട്. കര്‍ണാടകത്തിലെ പ്രബല വിഭാഗമായ ലിംഗായത്തിലെ നേതാക്കളായ കെ.എസ്. കിരണ്‍കുമാര്‍, എച്ച്.ഡി. തിമ്മയ്യ എന്നിവരും ഇത്തവണ കോണ്‍ഗ്രസ് പടയിലുണ്ട്.

അതേസമയം കര്‍ണാടക സര്‍ക്കാരിന്റെ ഭരണ പരാജയമാണ് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് കോണ്‍ഗ്രസ് വിഷയത്തില്‍ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here