കടമ്പാർ മീയപദവിനടുത്ത് പൊലീസിന് നേരെ തോക്ക് ചൂണ്ടിയ സംഭവം; കാപ്പ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രധാന പ്രതിയെ പിടിക്കാനായില്ല

0
326

മഞ്ചേശ്വരം ∙ ഗുണ്ടാപിരിവ് ആവശ്യപ്പെട്ട് ലോറികൾ തട്ടിക്കൊണ്ടു പോയ സംഘത്തെ പിന്തുടർന്നെത്തിയ പൊലീസിനു നേരെ തോക്ക് ചൂണ്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രധാന പ്രതിയെ പിടിക്കാനാകാതെ പൊലീസ്. സംഭവത്തിൽ 4 പേരെ സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു. കഴിഞ്ഞ 22 ന് സന്ധ്യയ്ക്കാണു കടമ്പാർ മീയപദവിനടുത്തെ ബജെയിലാണ് ഗുണ്ടാസംഘം  ലോറികൾ തട്ടിക്കൊണ്ടു പോയത്. സംഭവത്തിലെ പ്രധാന പ്രതിയായ കാപ്പ ശിക്ഷ കഴിഞ്ഞ്  പുറത്തിറങ്ങിയ മീയ്യപദവ് സ്വദേശി അബ്ദുൽ റഹീമിനെയും കൂട്ടാളിയായ ഒരാളെയുമാണ് പിടികൂടാനുള്ളത്.

മുംബൈ പാണ്ഡ്യ ജൽഗാവി ശ്രീകൃഷ്ണനഗർ മുകുന്ദ നഗറിലെ  രാകേഷ് കിഷോർ ബവീഷ്കർ (30) മീയപദവ് കുളൂർ ചിഗുർപദവിലെ മുഹമ്മദ് സഫ്‍വാൻ (28) ഉപ്പള റെയിൽവേ ഗേറ്റ് കളായി ഹൗസിൽ ഇബ്രാഹിം സയാഫ്  (22) സോങ്കാലിലെ ഹൈദരലി (24)  എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നു പിസ്റ്റൂളും 4 തിരകളും കാറും തട്ടിക്കൊണ്ടു പോയ 2 ലോറികളും കസ്റ്റഡിയിലെടുത്തു. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതികളായവരാണു ഇവർ.

ചെങ്കല്ലുമായി പോവുകയായിരുന്ന ലോറികളാണു  കാറും ബൈക്കും കുറുകെയിട്ട് സംഘം തടഞ്ഞത്. തുടർന്നു ആദ്യമെത്തിയ ലോറിയുടെ   ഡ്രൈവറെ തോക്കു ചൂണ്ടി പണം ആവശ്യപ്പെട്ട്  ഭീഷണിപ്പെടുത്തി. പണം ഇല്ലെന്നു പറഞ്ഞതോടെ പിന്നാലെ എത്തിയ മറ്റൊരു ലോറിയെ തടയുകയും ഡ്രൈവറെ കമ്പി വടി കൊണ്ടു അടിക്കുകയും ദേഹോപദ്രവം ഏൽപിച്ചതിനു ശേഷം ഇരുവാഹനങ്ങളിൽ നിന്നായി ഇരുവരെയും വലിച്ചിറക്കിയതിനു ശേഷം ലോറിയുമായി സംഘം കടന്നു കളയുകയായിരുന്നു.

സംഭവമറിഞ്ഞ് മഞ്ചേശ്വരം സിഐ എ.സന്തോഷ്കുമാർ, എസ്ഐ എം.അൻസാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ലോറിയുമായി കടന്നു കളഞ്ഞ ഭാഗത്തേക്ക് പോകുന്നതിനിടെ  കുരുഡപദവ് കൊമ്മംഗള റോഡിൽ വച്ചാണു സംഘം പൊലീസിനു നേരെ തോക്കു ചൂണ്ടി കൊലപ്പെടുത്തുമെന്നു ഭീഷണി മുഴക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here