ഇ.വികളാണ് ഭാവിയിലെ വാഹനങ്ങൾ എന്നത് നിലവിൽ നിസ്തർക്കമായ കാര്യമാണ്. എന്നാൽ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നത് എങ്ങിനെ എന്നതും അതിപ്രധാനമാണെന്ന് വിദഗ്ധർ പറയുന്നു. സീറോ എമിഷൻ എന്ന ലക്ഷ്യം പൂർത്തീകരിക്കണമെങ്കിൽ ഇ.വികൾ മാത്രം പോരാ. സീറോ എമിഷൻ അടിസ്ഥാനത്തിൽ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന സംവിധാനവും വേണം. ഇതിനുള്ള ഏറ്റവും നല്ല മാർഗം സോളാർ ആണെന്നാണ് വിദഗ്ധരെല്ലാം ഒറ്റ സ്വരത്തിൽ പറയുന്നത്.
ഈ സാഹചര്യത്തിലാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള വ്യവസായി മനോജിത് മൊണ്ടൽ വാർത്തകളിൽ നിറയുന്നത്. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റ കാര്‍ ആണ് ഇയാളെ പ്രശസ്തനാക്കിയിരിക്കുന്നത്. സോളാര്‍ വാഹനമാക്കി മാറ്റിയ തന്റെ നാനോ കാറിലാണ് മനോജിത് തന്റെ നാടായ ബങ്കുരയിലെ നിരത്തുകളിലൂടെ സഞ്ചരിക്കുന്നത്. ബങ്കുരയുടെ മെക്കാനിക്കല്‍ ഐക്കണ്‍ ആയി മാറിയിരിക്കുകയാണ് ഈ നാനോ കാര്‍.
മനോജിതിന്റെ നാനോയുടെ റണ്ണിങ് കോസ്റ്റ് ഏവരെയും അമ്പരപ്പിക്കുന്നതാണ്. 30 മുതല്‍ 35 രൂപ വരെ മുടക്കിയാല്‍ ഈ ‘സോളാര്‍ കാര്‍’ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് ഉടമ അവകാശപ്പെടുന്നത്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഈ കാറിന് സഞ്ചരിക്കാന്‍ സാധിക്കും. ബങ്കുരയില്‍ ഇപ്പോള്‍ ഒരു നായകന്റെ പരിവേഷമാണ് മനോജിതിന്. സര്‍ഗാത്മക പ്രവര്‍ത്തനങ്ങളോട് ചെറുപ്പം മുതല്‍ തന്നെ താല്പര്യം കാണിച്ചിരുന്ന മനോജിത് ഇന്ധന വില മാനംമുട്ടെ ഉയര്‍ന്നപ്പോള്‍ മുറുമുറുക്കാതെ അതിന് തക്ക പരിഹാരം തേടുകയായിരുന്നു.
ടാറ്റ നാനോ സോളാര്‍ കാറാക്കി മോാഡിഫൈ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന് നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പൊതുജനശ്രദ്ധ ഈ വാഹനം പിടിച്ചുപറ്റിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് ഇതുവരെ പ്രതികരണങ്ങളൊന്നും കാറിന് ലഭിച്ചിട്ടില്ലെന്ന് മനോജിത് പറയുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ ലഭ്യതക്കുറവും പാരിസ്ഥിതിക മലിനീകരണവും കുറക്കാന്‍ പറ്റിയ ഒരു ബദല്‍ മാര്‍ഗമാണ് ഇത്തരത്തിലുള്ള കണ്ടെത്തലുകളെന്നാണ് കാറിനെപറ്റി അറിഞ്ഞവർ പറയുന്നത്.