നാട്ടിൽ വഴിയരികിൽ ജ്യൂസ് വിൽപന തകൃതി; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടുക ഈ ഒരേയൊരു കാര്യത്തിൽ

0
189

തൃശൂർ: വേനൽ കടുക്കുമ്പോൾ, ചെറുനാരങ്ങയ്ക്കും തണ്ണിമത്തനും കുക്കുമ്പറിനുമെല്ലാം പൊളളും വില. ജ്യൂസ് പാർലറുകളിൽ തിരക്കേറിയതോടെ വെള്ളത്തിന്റെ ഗുണനിലവാര പരിശോധന വ്യാപകമാക്കണമെന്ന ആവശ്യവും ഉയർന്നു. നാലുമാസം മുൻപ് ചില്ലറ വിപണിയിൽ 50 രൂപയുണ്ടായിരുന്ന ചെറുനാരങ്ങ, 150 രൂപയോളം ഉയർന്ന് മൂന്നിരട്ടി വിലയായി.

വേനൽക്കാലത്ത് ഏറെ ആവശ്യക്കാരുള്ള തണ്ണിമത്തനും ഒരാഴ്ചയ്ക്കിടയിൽ വില ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ അഞ്ചുരൂപ വരെ കൂടിയിട്ടുണ്ട്. വഴിയോരങ്ങളിൽ ഉൾപ്പെടെ വിവിധ പഴവർഗങ്ങളുടെ വിൽപ്പന സജീവമാണെങ്കിലും ദാഹമകറ്റുന്ന ചെറുനാരങ്ങയ്ക്കും തണ്ണിമത്തനുമാണ് ആവശ്യക്കാരേറെയുള്ളത്.

ചെറുനാരങ്ങയും തണ്ണിമത്തനും ലഭ്യതക്കുറവില്ലെങ്കിലും ആവശ്യക്കാർ വർദ്ധിച്ചതാണ് വില കൂടാൻ കാരണമെന്നു കച്ചവടക്കാർ പറയുന്നു. റംസാൻ മാസത്തിൽ ആവശ്യക്കാർ കൂടുമ്പോൾ വില വീണ്ടും ഉയർന്നേക്കും. കഴിഞ്ഞ വർഷം ഇതേസമയത്ത് ചെറുനാരങ്ങ കിലോഗ്രാമിന് 200 രൂപ വരെ ഉയർന്നിരുന്നു. ജ്യൂസ് പാർലറുകളിൽ ചെറുനാരങ്ങയ്ക്ക് പകരം എസൻസുകളും മറ്റും ഉപയോഗിക്കുന്നുമുണ്ട്.

കുപ്പികളിൽ വരുന്ന വെള്ളമാണ് ഉപയോഗിക്കുന്നതെങ്കിലും വഴിയോരങ്ങളിലും വൃത്തിഹീനമായ സാഹചര്യങ്ങളിലും ജ്യൂസുകൾ വിതരണം ചെയ്യുന്നത് രോഗഭീതി ഉയർത്തുന്നുണ്ട്. കുപ്പിവെള്ളത്തിന്റെ സ്രോതസുകളിൽ പരിശോധന നടക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here