ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് പെൺകുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം; തലയിൽ മുട്ടയുടച്ചും ബലമായി നിറം തേച്ചും യുവാക്കൾ

0
373

ന്യൂഡൽഹി: ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് പെൺകുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയും തലയിൽ മുട്ടയുടച്ചും ബലമയി നിറങ്ങൾ തേച്ചും ദ്രോഹിച്ച് യുവാക്കൾ. രാജ്യ തലസ്ഥാനത്തെ പഹർ​ഗഞ്ചിലാണ് സംഭവം. പെൺകുട്ടിയെ യുവാക്കൾ ദ്രോഹിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 24 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയ‌കളിൽ വൻ രോഷത്തിന് കാരണമായിട്ടുണ്ട്.

സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ഉൾപ്പെടെ നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. ഒരു കൂട്ടം യുവാക്കൾ പെൺകുട്ടിയെ പിടിച്ചുനിർത്തി മുഖത്തടക്കം ബലമായി നിറങ്ങൾ തേക്കുന്നതും സ്പ്രേ ചെയ്യുന്നതും തലയിൽ മുട്ടകൾ അടിച്ചുടയ്ക്കുന്നതും വീഡിയോയിൽ കാണാം.

പെൺകുട്ടിയുടെ മുഖത്തും കഴുത്തിലും നെറ്റിയിലുമാണ് നിറങ്ങൾ തേക്കുന്നത്. അവൾ കുതറിമാറാൻ ശ്രമിക്കുമ്പോൾ മറ്റൊരാൾ തലയിൽ മുട്ടയുടയ്ക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. പെൺകുട്ടിയുടെ സ്വകാര്യഭാ​ഗങ്ങളിലടക്കം കടന്നുപിടിച്ചാണ് യുവാക്കളുടെ ഉപദ്രവം.

ഇതിനിടെ അവരിൽ നിന്ന് ഒരു വിധത്തിൽ തടിയൂരുന്ന പെൺകുട്ടിയുടെ മുഖത്ത് മറ്റൊരു യുവാവ് ഓടിവന്ന് വീണ്ടും നിറം തേച്ചു. ഇതോടെ പെൺകുട്ടി അയാളുടെ മുഖത്ത് അടിച്ച ശേഷം പെട്ടെന്ന് ഒരു ഇടവഴിയിലേക്ക് കയറി അതുവഴി രക്ഷപെടുകയായിരുന്നു. സംഭവം കണ്ട് ചുറ്റും നിരവധി യുവതീ-യുവാക്കൾ ഉണ്ടായിട്ടും ആരും യുവാക്കളെ തടയാനോ പെൺകുട്ടിയെ രക്ഷപെടുത്താനോ തയാറാവുന്നില്ല.

സംഭവം ശ്രദ്ധയിൽപ്പെട്ട ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മലിവാൾ, കുറ്റക്കാർക്കെതിരെ കർശന നടപടിയാവശ്യപ്പെട്ട് രം​ഗത്തെത്തി. വീഡിയോ പരിശോധിച്ച് പീഡനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന് നോട്ടീസ് അയച്ചതായി സ്വാതി മലിവാൾ വ്യക്തമാക്കി.

“ഹോളി ആഘോഷത്തിനിടെ വിദേശ സ്ത്രീകളോട് ലൈംഗികാതിക്രമം കാണിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു! ഈ വീഡിയോകൾ പരിശോധിച്ച് കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ ഞാൻ ഡൽഹി പൊലീസിന് നോട്ടീസ് അയച്ചിട്ടുണ്ട്. തികച്ചും ലജ്ജാകരമായ പെരുമാറ്റം”- സ്വാതി മലിവാൾ ട്വീറ്റ് ചെയ്തു. ഇരയായ പെൺകുട്ടിയുമായി ബന്ധപ്പെടാനും കമ്മീഷൻ ശ്രമിക്കുന്നുണ്ട്.

വീഡിയോ ശ്രദ്ധയിൽപ്പെട്ടതായി ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ സംഭവത്തിൽ പ​ഹർ​ഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോ​ഗസ്ഥന്റെ വാദം.

“യുവാക്കളുടെ പ്രവൃത്തികളിൽ പെൺകുട്ടി അസ്വസ്ഥയാണെന്ന് മനസിലാവുന്നു. ആവശ്യമായ വിവരങ്ങൾ കണ്ടെത്തുന്നതിന് വീഡിയോ പരിശോധിച്ചുവരികയാണ്. പ്രഥമദൃഷ്ട്യാ, വീഡിയോയിൽ കാണുന്ന ലാൻഡ്‌മാർക്കുകളുടെ അടിസ്ഥാനത്തിൽ, ഇത് പഹർഗഞ്ചിലാണെന്ന് തോന്നുന്നു. അത്തരം സംഭവങ്ങൾ ആ പ്രദേശത്ത് നടന്നിട്ടുണ്ടോ അല്ലെങ്കിൽ വീഡിയോ പഴയതാണോ എന്ന് പരിശോധിച്ചുവരികയാണ്”- ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

“പെൺകുട്ടി ആരാണെന്നതുൾപ്പെടെയുള്ള വിശദാംശങ്ങൾ ലഭിക്കുന്നതിന് സഹായം തേടി ജാപ്പനീസ് എംബസിക്ക് ഇ-മെയിൽ അയച്ചിട്ടുണ്ട്. പ്രദേശത്ത് താമസിക്കുന്ന ജപ്പാൻകാരുടെ വിവരങ്ങൾ ശേഖരിക്കാനും വീഡിയോയിൽ കാണുന്ന യുവാക്കളെ തിരിച്ചറിയാനും പഹർഗഞ്ച് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവും വിശദാംശങ്ങളും പരിശോധിച്ച ശേഷം വേണ്ട നടപടിയെടുക്കും”- അദ്ദേഹം കൂട്ടിച്ചേർത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here