കുവൈത്ത് സിറ്റി: നാട്ടില്‍ നിന്ന് മടങ്ങിവരികയായിരുന്ന പ്രവാസി കഞ്ചാവുമായി വിമാനത്താവളത്തില്‍ അറസ്റ്റിലായി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അഞ്ചാം ടെര്‍മിനലിലാണ് ഇന്ത്യക്കാരന്‍ അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു. കഞ്ചാവിനൊപ്പം മറ്റ് ലഹരി വസ്‍തുക്കളും ഇയാളുടെ കൈവശമുണ്ടായിരുന്നു.
സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാരനായ പ്രവാസിയെ അധികൃതര്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കിയതെന്ന് എയര്‍പോര്‍ട്ട്സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഒസാമ അല്‍ ശംസി പറഞ്ഞു. ഒറ്റനോട്ടത്തില്‍ വസ്‍ത്രങ്ങള്‍ മാത്രമായിരുന്നു ബാഗിലുണ്ടായിരുന്നത്. എന്നാല്‍ ഇവയ്ക്കിടയില്‍ ചെറിയ പാക്കറ്റുകളിലാക്കി കഞ്ചാവും ഒളിപ്പിച്ചിരുന്നു. 88 പാക്കറ്റ് നിരോധിത വസ്‍തുക്കള്‍ പരിശോധനയില്‍ പിടിച്ചെടുത്തു.
നിരോധിത ലഹരി വസ്‍തുക്കളുമായെത്തിയ മറ്റൊരു പ്രവാസിയും കുവൈത്ത് വിമാനത്താവളത്തില്‍ അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ വന്നിറങ്ങിയ ഇയാളുടെ ബാഗേജില്‍ ഹാഷിഷും നിരവധി ലഹരി ഗുളികകളും ഉണ്ടായിരുന്നു. വിമാനത്താവളത്തിലെ വിവിധ വിഭാഗങ്ങള്‍ സംയുക്തമായി പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു. പിടിയിലായ രണ്ട് പേരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.