യുവമോർച്ച നേതാവിന്റെ കൊലപാതകം; പോപ്പുലർ ഫ്രണ്ടിന്റെ ‘ഹിറ്റ് ടീം’ അംഗം അറസ്റ്റിൽ

0
218

ബെംഗളൂരു ∙ കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ ജില്ലാ സെക്രട്ടറിയായ എം.എച്ച്. തുഫയ്ൽ എന്നയാളെ അറസ്റ്റ് ചെയ്തു. ദേശീയ അന്വേഷണ ഏജൻസിയാണ് (എൻഐഎ) ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ‍ ഇസ്‌ലാമിക ഭരണം കൊണ്ടുവരാനായി പോപ്പുലർ ഫ്രണ്ട് രൂപീകരിച്ച ‘സർവീസ് ടീമി’ൽ അംഗമാണ് തുഫയ്‌ലെന്ന് എൻഐഎ വ്യക്തമാക്കി. കൊലപാതകത്തിനു പിന്നാലെ ഒളിവിൽ പോയ തുഫയ്‌ലിനെ, ബെംഗളൂരുവിലെ ഒളിയിടത്തിൽനിന്നാണ് എൻഐഎ അറസ്റ്റ് ചെയ്തത്.

‘‘ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ട ആളുകളെ കൊലപ്പെടുത്തുന്നതിനായി പോപ്പുലർ ഫ്രണ്ട് നടത്തിയ ഗൂഢാലോചനകളിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് തുഫയ്‌ലെന്ന് എൻഐഎ വ്യക്തമാക്കി. പ്രവീൺ നെട്ടാരുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതും തുഫയ്‌ലാണ്’ – എൻഐഎ വക്താവ് പറഞ്ഞു. 2016ൽ  കുശാൽനഗറിൽ പ്രശാന്ത് പൂജാരി എന്നയാളെയും 2012ൽ വിഎച്ച്പി നേതാവ് ഗണേഷിനെയും കൊലപ്പെടുത്തിയ കേസുകളിലും പ്രതിയാണ് തുഫയ്‌ൽ.

കഴിഞ്ഞ വർഷം ജൂലൈ 26നാണ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്. ഇന്ത്യയിൽ‍ 2047ല്‍ ഇസ്‌ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടതായി നെട്ടാരുവിന്റെ കൊലപാതക കേസിൽ സമർപ്പിച്ച കുറ്റപത്രത്തിൽ എൻഐഎ കണ്ടെത്തിയിരുന്നു.

ഇന്ത്യയിൽ‍ ഇസ്‌ലാമിക ഭരണം കൊണ്ടുവരാനായി സർവീസ് ടീമും കില്ലർ ടീമും പോപ്പുലർ ഫ്രണ്ട് രൂപീകരിച്ചിരുന്നു. ആയുധ വിതരണം, സംഘടനാ നേതാക്കളുടെ നിരീക്ഷണം എന്നിവയ്ക്കാണ് സർവീസ് ടീം രൂപീകരിച്ചത്. കൊലപാതകമുൾപ്പെടെയുള്ള മറ്റു കുറ്റകൃത്യങ്ങള്‍ക്കുവേണ്ടിയാണ് കില്ലർ ടീമിനെ രൂപീകരിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. പോപ്പുലർ ഫ്രണ്ടിലെ പ്രധാന നേതാക്കളുടെ നിർദേശപ്രകാരമാണ് രണ്ടു ടീമുകളും പ്രവർത്തിച്ചിരുന്നത്. സമൂഹത്തിൽ ഭീതിയുണ്ടാക്കുക, അസ്വസ്ഥത ഉണ്ടാക്കുക എന്നീ ലക്ഷ്യത്തോടുകൂടിയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തിച്ചിരുന്നതെന്നും എൻഐഎ വിശദീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here