ഹിന്ദുക്കള്‍ ഹലാല്‍ മാംസം ഭക്ഷിക്കേണ്ട; ഉത്സവ സീസണില്‍ കര്‍ണാടകയില്‍ മുസ്‌ലിം കച്ചവടക്കാര്‍ക്കെതിരെ ബഹിഷ്‌കരണ ആഹ്വാനവുമായി ഹിന്ദുത്വര്‍

0
180

ബെംഗളൂരു: കര്‍ണാടകയില്‍ ഹലാല്‍ – ഝഡ്ക മാംസ വിവാദം വീണ്ടും രൂക്ഷമാകുന്നു. മുസ്‌ലിങ്ങളുടെ നേതൃത്വത്തില്‍ വില്‍പന നടത്തുന്ന ഹലാല്‍ മാംസം ഭക്ഷിക്കരുതെന്നും ഝഡ്ക മാംസം മാത്രമേ ഹിന്ദുക്കള്‍ ഭക്ഷിക്കാന്‍ പാടുള്ളുവെന്നുമാണ് ഹിന്ദുത്വവാദികളുടെ നിര്‍ദേശം.

കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന യുഗാദി, ഹോസ തൊടുകു എന്നീ ആഘോഷങ്ങളോടനുബന്ധിച്ചാണ് ആഹ്വാനം.

ഉത്സവാഘോഷങ്ങളില്‍ കര്‍ണാടകയില്‍ മാംസ വില്‍പനയില്‍ വര്‍ധവുണ്ടാകാറുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശമെന്നും സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോസ തൊടുകു ആഘോഷങ്ങളില്‍ വിശ്വാസികള്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും വീടുകളിലേക്ക് ക്ഷണിക്കുകയും അവര്‍ക്ക് മാംസഹാരങ്ങള്‍ വിളമ്പുകയും ആണ് രീതി.

ഈ അവസരത്തില്‍ ഹലാല്‍ മാംസം വാങ്ങരുതെന്ന ആഹ്വാനം മുസ്‌ലിം കച്ചവടക്കാര്‍ക്ക് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത് സംബന്ധിച്ച് ബെംഗളൂരുവില്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ബോധവല്‍ക്കരണ മാര്‍ച്ചും പുസ്തക വിതരണവും നടത്തിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

അതേസമയം ഇറച്ചിക്കടകള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹിന്ദു ജന ജാഗ്രതി വേദികെ അംഗങ്ങള്‍ ബെംഗളൂരു ജില്ലാ മജിസ്ട്രേറ്റിന് നിവേദനം നല്‍കിയിരുന്നു.

മുസ്‌ലിം വ്യാപാരികള്‍ ഹലാല്‍ ഇറച്ചി കടകളിലൂടെ രാജ്യത്ത് ആധിപത്യം സ്ഥാപിക്കുകയാണെന്ന് ഹിന്ദുത്വ പ്രവര്‍ത്തകനായ പുനീത് കേരേഹള്ളി ആരോപിച്ചു.

മൃഗത്തിന്റെ കഴുത്ത് മുറിച്ച് രക്തം പൂര്‍ണമായും പുറന്തള്ളിയ ശേഷം മാംസം ശേഖരിക്കുന്നതിനെയാണ് ഹലാല്‍ മാംസം എന്ന് അറിയപ്പെടുന്നത്. ഇസ്‌ലാമിക വിശ്വാസപ്രകാരം ഇത്തരം മാംസമായിരിക്കണം ഭക്ഷിക്കേണ്ടത്.

മൃഗത്തിന്റെ കഴുത്ത് ഒരുതവണ കൊണ്ടുതന്നെ പൂര്‍ണമായി മുറിക്കുകയും രക്തം വാര്‍ക്കുന്നതിനിടെ തന്നെ മാംസമാക്കുകയും ചെയ്യുന്നതാണ് ഝഡ്ക മാംസം.

LEAVE A REPLY

Please enter your comment!
Please enter your name here