
റമദാന്റെ ആരംഭത്തിലാണ് ബോളിവുഡ് നടി കുടുംബസമേതം ഉംറ നിർവഹിക്കാൻ മക്കയിൽ എത്തിയത്. ഉംറയ്ക്കിടയിലെ ചിത്രങ്ങളും നടി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു. തന്റെ ആദ്യത്തെ ഉംറയാണിതെന്നും താരം പറഞ്ഞിരുന്നു.

എന്നാൽ, നിരവധി പേരാണ് നടിക്കെതിരെ വിമർശനുവമായി എത്തിയത്. ഉംറ കർമത്തിന് എത്തിയ നടി അവിടെ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചതിനെതിരെയായിരുന്നു പലരും വിമർശിച്ചത്. പുണ്യഭൂമിയിൽ ‘ഫോട്ടോഷൂട്ട്’ നടത്തുന്നു എന്നായിരുന്നു ചിലരുടെ വിമർശം.

ഉംറ പോലുള്ള വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുമ്പോൾ അൽപം കൂടി ശ്രദ്ധിക്കണമെന്നായിരുന്നു മറ്റ് ചിലരുടെ ഉപദേശം.

ഇതിനിടയിൽ മൂന്നാമത്തെ ഉംറയും പൂർത്തിയാക്കാനായെന്ന കുറിപ്പോടെ പുതിയ ചിത്രങ്ങളും ഹിന ഖാൻ പങ്കുവെച്ചു. ഒപ്പം തന്നെ വിമർശിക്കുന്നവർക്കുള്ള മറുപടിയും താരം നൽകിയിട്ടുണ്ട്.

റമദാൻ മാസത്തിൽ ഉംറ നിർവഹിക്കണമെന്ന ആഗ്രഹത്തോടെയാണ് എത്തിയതെങ്കിലും അത് നടക്കുമെന്ന് കരുതിയിരുന്നില്ലെന്നും എന്നാൽ ദൈവത്തിന്റെ ഹിതം മറ്റൊന്നായിരുന്നുവെന്നും മൂന്നാമത്തെ ഉംറയും പൂർത്തിയാക്കിയതിനു ശേഷം താരം പറഞ്ഞു.

ഉംറ നിർവഹിച്ചതിനെ കുറിച്ച് നടിയുടെ പോസ്റ്റ് ഇങ്ങനെ, വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ ഒന്നര ദിവസത്തിനുള്ളിൽ മൂന്ന് ഉംറകൾ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രായോഗികമായും ശാരീരികമായും അത് സാധ്യമല്ലായിരുന്നു. തന്റെ കണക്കുകൂട്ടലുകൾ തെറ്റി.

റമദാനിൽ ഉംറ നിർവഹിക്കണമെന്ന് ശരിക്കും ആഗ്രഹിച്ചിരുന്നു. പ്രത്യേകിച്ച് മക്ക ഷെരീഫിനോട് ഇത്ര അടുത്തായിരിക്കുമ്പോൾ. പക്ഷേ ദൈവഹിതം മറ്റൊന്നായിരിക്കുമെന്ന് കരുതി സമാധാനിച്ചു. അടുത്ത വർഷം റമദാനിൽ വീണ്ടും എത്താമെന്ന് കണക്കുകൂട്ടി.

പക്ഷേ, ദൈവത്തിന് മറ്റ് പദ്ധതികളുണ്ടായിരുന്നു. തന്റെ ആഗ്രഹം പോലെ വിശുദ്ധമാസത്തിൽ ഉംറ നിർവഹിക്കാനായി. ദൈവം വലിയവനും എല്ലാം അറിയുന്നവനുമാണ്. നമ്മുടെ സത്യസന്ധമായ ഉദ്ദേശവും ഇച്ഛയും ദൈവത്തിന്റെ ഭവനത്തിൽ ഒരിക്കലും തള്ളിക്കളയില്ല. ഹിന ഖാൻ തന്റെ കുറിപ്പിൽ പറഞ്ഞു.

ഇതിനു ശേഷമായിരുന്നു വിമർശനങ്ങളോടുള്ള താരത്തിന്റെ പ്രതികരണം. തന്റെ ഇടവും വലവും നടക്കും നിന്ന് വിമർശിക്കുന്നവരോട് എന്ന് തുടങ്ങിയായിരുന്നു മറുപടി. താൻ ഒരു വിശുദ്ധയല്ല, എന്നാൽ സദുദ്ദേശപരമായ ഇച്ഛയിലും ദയയിലും കർമയിലും താൻ വിശ്വസിക്കുന്നു. ഓരോരുത്തർക്കും അവരുടെ പ്രവർത്തികൾക്ക് ദൈവത്തിന് മുന്നിൽ മറുപടി പറയേണ്ടി വരും. മൂന്നാമത്തെ ഉംറയും പൂർത്തിയാക്കി. ഇങ്ങനെയായിരുന്നു താരത്തിന്റെ മറുപടി.