ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിലിട്ടു; അവിഹിത സംശയം മാത്രമായിരുന്നില്ല കാരണം, തുമ്പായത് കള്ളനോട്ട്

0
142

ബിലാസ്പുര്‍: അവിഹിത ബന്ധം സംശയിച്ച് ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി മുറിച്ച് വീട്ടിലെ വാട്ടർ ടാങ്കിൽ തള്ളിയ കേസിലെ അന്വേഷണത്തിന് തുമ്പായത് കള്ളനോട്ട് കേസിലെ അന്വേഷണം. ബിലാസ്പൂരിലെ ഉസ്ലാപൂരിലാണ് ദാരുണമായ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവായ പവൻ താക്കൂർ (32) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സതി സഹു എന്ന 23കാരിയാണ് കൊല്ലപ്പെട്ടത്. സതിയെ കഴുത്ത് ഞെരിച്ചാണ് പവൻ കൊലപ്പെടുത്തിയത്.

അവിഹിത ബന്ധമുണ്ടെന്ന സംശയത്തിനൊപ്പം കള്ള നോട്ട് പ്രിന്‍റ് ചെയ്യുന്നതിനെ സതി എതിര്‍ത്തതോടെയുമാണ് കൊലപാതകമെന്നാണ് യുവാവിന്‍റെ കുറ്റസമ്മതം. വ്യാജ കറൻസി അച്ചടിക്കുന്നതായി സൂചന ലഭിച്ചതാണ് നാടിനെ നടുക്കിയ കൊലപാതക കേസ് തെളിയിക്കാൻ പൊലീസിനെ സഹായിച്ചത്. കള്ളനോട്ട് കേസിലെ അന്വേഷണമാണ് പവൻ സിംഗിന്‍റെ വീട്ടിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചത്. വ്യാജ നോട്ട് കേസ് അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയപ്പോൾ ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു.

ഇവർ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അസഹനീയമായ ദുർഗന്ധം വമിക്കുന്ന വാട്ടർ ടാങ്ക് ശ്രദ്ധയിൽപ്പെട്ടത്. ടാങ്കിനുള്ളിൽ ഒരു സ്ത്രീയുടെ ശരീരം ആറ് കഷ്ണങ്ങളാക്കി മുറിച്ച് വച്ചേക്കുന്നത് കണ്ട് പൊലീസ് ഞെട്ടി. അറുത്തുമാറ്റിയ ശരീരഭാഗങ്ങൾ പലയിടങ്ങളിലായി വലിച്ചെറിയാൻ ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും സമയക്കുറവുമൂലം പവന് അത് കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. പവൻ തന്നെ പീഡിപ്പിക്കാറുണ്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും സതി നേരത്തെ പരാതി നല്‍കിയിരുന്നതാണ്.

എന്നാല്‍, പൊലീസ് ഈ സംഭവം ഒത്തുത്തീര്‍പ്പാക്കി. പതിനഞ്ച് ദിവസം മുമ്പ് സതിയുടെ ബന്ധുക്കളിലൊരാൾ വീട്ടിലെത്തിയിരുന്നു. എന്നാല്‍, ഭാര്യ പുറത്തേക്ക് പോയിരിക്കുകയാണെന്നും ഉടൻ തിരിച്ചെത്തുമാണ് പറഞ്ഞിരുന്നതെന്നും പൊലീസ് പറഞ്ഞു. പൊലീസ് വീട്ടില്‍ നടത്തിയ റെയ്ഡില്‍ കളർ പ്രിന്റർ, പകർത്തിയ പേപ്പറുകൾ, 500, 200 രൂപയുടെ കള്ളനോട്ടുകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here