എച്ച്3എൻ2 വൈറസ് ബാധ; ഇന്ത്യയില്‍ ആദ്യമായി മരണം, മരിച്ചത് 2 പേര്‍

0
200

മാസങ്ങളായി രാജ്യത്ത് പലയിടങ്ങളിലും കാര്യമായ രീതിയിലാണ് പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് വരുന്നത്. ഡെങ്കിപ്പനി, എലിപ്പനി, സീസണലായി വരുന്ന വൈറല്‍ പനി എന്നിവയ്ക്കെല്ലാം പുറമെ കുട്ടികള്‍ക്കിടയില്‍ പടരുന്ന അഡെനോവൈറസ്, എച്ച്1 എൻ1, എച്ച്3എന്‍2 വൈറസ് ബാധകളും ആണ് ഇക്കാലയളവിനുള്ളില്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇപ്പോഴിതാ രാജ്യത്ത് ആദ്യമായി എച്ച്3എൻ2 വൈറസ് ബാധയേറ്റ് മരണമുണ്ടായിരിക്കുന്നുവെന്നതാണ് ഏറ്റവും പുതുതായി ലഭിക്കുന്ന വാര്‍ത്ത. രണ്ട് പേര്‍ ഇത്തരത്തില്‍ എച്ച്3എൻ2 ബാധയേറ്റ് മരിച്ചതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

മരിച്ചവരില്‍ ഒരാള്‍ ഹരിയാന സ്വദേശിയും ഒരാള്‍ കര്‍ണാടകയിലെ ഹാസൻ സ്വദേശിയുമാണ്. ഹാസൻ സ്വദേശി ഹിരേ ഗൗഡ (82)  മാര്‍ച്ച് ഒന്നിനാണ് മരിച്ചത്. ഇതിന് ശേഷമാണ് ഇദ്ദേഹത്തിന് എച്ച്3എൻ2 വൈറസ് ബാധ സ്ഥിരീകരിച്ചത്. കടുത്ത പനി ബാധിച്ചതോടെ ഫെബ്രുവരി 24നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആസ്ത്മ- ബിപി എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ ഇദ്ദേഹത്തിന് നേരത്തെ ഉണ്ടായിരുന്നുവത്രേ.

ഹിരേ ഗൗഡയുടേത് എച്ച്3എൻ2 മരണമാണെന്ന് സ്ഥിരീകരിച്ചതോടെ ഹാസനില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഗൗഡയുമായി അടുത്തിടപഴകിയിരുന്നവരെ സൂക്ഷ്മനിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതേസമയം ഹരിയാനയില്‍ മരിച്ച രോഗിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

രാജ്യത്ത് ഇതുവരെ തൊണ്ണൂറോളം എച്ച്3എൻ2 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ കൂടുതലും ദില്ലിയിലാണ്.

എച്ച്3എന്‍2 വൈറസ് ബാധ…

എച്ച്3എന്‍2 വൈറസ് ബാധ അഥവാ ഹോങ്കോങ് ഫ്ലൂ എന്നറിയപ്പെടുന്ന വൈറസ് അണുബാധയില്‍ കൊവിഡിന്‍റേതിന് സമാനമായ ലക്ഷണങ്ങളാണത്രേ ഏറെയും കാണിക്കുക. എച്ച്1എൻ1 അണുബാധയിലും അങ്ങനെ തന്നെ.

തുടര്‍ച്ചയായ ചുമ, പനി, കുളിര് ഒപ്പം ശ്വാസതടസും ശ്വാസമെടുക്കുമ്പോള്‍ ചെറിയ ശബ്ദം വരുന്നതുമാണ് എച്ച്3എൻ2വിന്‍റെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ ഓക്കാനം, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നീ ലക്ഷണങ്ങളും കണ്ടുവരുന്നു. ഒരാഴ്ചയിലധികം ഈ ലക്ഷണങ്ങള്‍ തുടരാം.

എളുപ്പത്തില്‍ ഒരു രോഗിയില്‍ നിന്ന് മറ്റൊരു രോഗിയിലേക്ക് പകരാമെന്നതിനാല്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. മാസ്ക് ധരിക്കുന്നതും സാമൂഹികാകലം പാലിക്കുന്നതും അനാവശ്യമായ ആള്‍ക്കൂട്ടങ്ങളൊഴിവാക്കുന്നതും കൈകള്‍ ശുചിയായി സൂക്ഷിക്കുന്നതുമെല്ലാം അണുബാധ പകരുന്നതിനെ പ്രതിരോധിക്കും.

ആരിലാണ് അപകടസാധ്യത കൂടുതല്‍?

പ്രായമായവരിലാണ് എച്ച്3എൻ2 വൈറസ് ബാധ കൂടുതലും അപകടമായി വരുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. ഹാസനില്‍ മരിച്ച ഗൗഡേയുടെ കേസില്‍ ഉള്ളതുപോലെ ആസ്ത്മ- ബിപി പോലുള്ള മെഡിക്കല്‍ പ്രശ്നങ്ങള്‍ നേരത്തെ ഉള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നീ വിഭാഗങ്ങളും ജാഗ്രത പാലിക്കണം.

പനിയുമായി ആശുപത്രിയിലെത്തുമ്പോള്‍ ഡോക്ടര്‍മാര്‍ ആന്‍റി-ബയോട്ടിക്കുകള്‍ എഴുതിത്തന്നിട്ടുണ്ടെങ്കില്‍ ഈ ഘട്ടത്തില്‍ മുടക്കം കൂടാതെ അത് കഴിക്കുകയാണ് വേണ്ടത്. ഇതില്‍ യാതൊരു മടിയും കാണിക്കാതിരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here